ഇന്ത്യ മോദിക്ക് തീറെഴുതിയ കോർപ്പറേറ്റ് കമ്പനിയല്ല : സുധീഷ് കടന്നപ്പള്ളി.

കണ്ണൂർ:കോർപ്പറേറ്റ് കമ്പനികളെ പോലെ പെരുപ്പിച്ച് കാട്ടിയ ലാഭ-നഷ്ടക്കണക്കുകൾ നോക്കി ഭരിക്കാൻ ഇന്ത്യാ രാജ്യം മോദിക്ക് തീറെഴുതിയ കോർപ്പറേറ്റ് കമ്പനിയല്ലെന്ന് സി എം പി ജില്ലാ സെക്രട്ടറി സുധീഷ് കടന്നപ്പള്ളി പ്രസ്താവിച്ചു. ഇന്ധന വിലവർദ്ധനയ്ക്കെതിരെ കെ എസ് വൈ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂഡോയിൽ വില ബാരലിന് എഴുപത് ഡോളറിനടുത്തേക്ക് കൂപ്പുകുത്തിയപ്പോഴും എണ്ണകമ്പനികളുടെ നഷ്ടത്തിൻ്റെ കണക്ക് പറഞ്ഞ് അതിൻ്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതിരുന്ന മോദി സർക്കാർ പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പേര് പറഞ്ഞ് കൊണ്ട് ഇപ്പോൾ നടപ്പാക്കിയ കുത്തനെയുള്ള പാചക വാതക – ഇന്ധന വില വർദ്ധന രാജ്യത്തെ ജനജീവിതത്തെയും ഹോട്ടൽ വ്യവസായ മേഖലയെയും അങ്ങേയറ്റം പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ഈ വില വർദ്ധനയ്ക്കെതിരെ രാജ്യത്താകെ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഗോവി ശ്രീകണ്ഠപുരം അധ്യക്ഷത വഹിച്ചു. വി എൻ അഷറഫ്, സലീം കെ പി, ഉഷ മട്ടന്നൂർ,
ഷംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു.പ്രജുൽ പി സ്വാഗതവും അനീസ് പടിക്കൽ നന്ദിയും പറഞ്ഞു.







