വ്യാപാരിയെയും ഭാര്യയെയും ആക്രമിച്ച സംഭവം: പെരിങ്ങോമിൽ പ്രതിഷേധ മാർച്ച്; കർമസമിതി രൂപവത്കരിച്ചു

Screenshot
പെരിങ്ങോം: കെ.പി. നഗറിലെ വ്യാപാരി കെ.എം. ഷാമോനെയും ഭാര്യ അശ്വതിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ വ്യാപാരി സംഘടനകളും നാട്ടുകാരും പ്രതിഷേധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പെരിങ്ങോം ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ മേഖല കമ്മിറ്റി, കെ.പി. നഗർ യൂണിറ്റ്, റെസിഡന്റ്‌സ് അസോസിയേഷൻ, നന്മ ക്ലബ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ജെ. സെബാസ്റ്റ്യൻ മാർച്ച് ഉദ്ഘാടനം ചെയ്തു. റോയ് ജോസ് അധ്യക്ഷത വഹിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി എം.വി. കുഞ്ഞിരാമൻ ചെയർമാനായും വി.കെ. ബിജു കൺവീനറായും കർമസമിതിയും രൂപവത്കരിച്ചു.







