ചാലയിൽ യുവാവിന്റെ മരണം: ഫോറൻസിക് സംഘം ശാസ്ത്രീയ പരിശോധന നടത്തി

Screenshot
കണ്ണൂർ: ചാല ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിർത്തിയിട്ട കാറിൽ വെൽഡിങ് തൊഴിലാളിയായ കെ. രജിനെ (35) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗവും വിരലടയാള സംഘവും കാറിനകത്തും പുറത്തും ശാസ്ത്രീയ പരിശോധനകൾ നടത്തി. കാറിന്റെ എയർ കണ്ടീഷണർ സംവിധാനവും ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് തന്നട കുണ്ടത്തിൽ സ്വദേശിയായ രജിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അകത്തുനിന്ന് ലോക്കായ കാറിന്റെ ചില്ല് തകർത്താണ് അഗ്നിശമന സേന ഡോർ തുറന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് കാർ കണ്ടെത്തിയത്. എടക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. കുണ്ടത്തിൽ രാജൻ-കാഞ്ചന ദമ്പതികളുടെ മകനാണ് രജിൻ. സഹോദരി: അഞ്ജു.







