കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് നാളെ അക്കരെ കൊട്ടിയൂരിൽ; 28-ന് നെയ്യാട്ടത്തോടെ ഉത്സവത്തിന് തുടക്കം

Screenshot
കൊട്ടിയൂർ: ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിലെ വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായുള്ള സുപ്രധാന ചടങ്ങായ നീരെഴുന്നള്ളത്ത് നാളെ നടക്കും. മഹോത്സവത്തിന് മുന്നോടിയായി അടിയന്തര യോഗക്കാരും ആചാര്യന്മാരും സ്ഥാനികരും സമുദായിയുടെയും ജന്മശാന്തിയുടെയും നേതൃത്വത്തിൽ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുന്ന പുണ്യചടങ്ങാണിത്. കൊട്ടിയൂരിൽ സ്വയംഭൂ ശില കണ്ടെത്തിയതിനെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് നീരെഴുന്നള്ളത്തിന്റെ ചടങ്ങുകൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
രാവിലെ ഒറ്റപ്പിലാൻ കുറിച്യസ്ഥാനികന്റെ നേതൃത്വത്തിൽ ഇക്കരെ ക്ഷേത്രനടയിൽ ‘തണ്ണീർ കുടി’ ചടങ്ങ് നടക്കും. തുടർന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തിലുള്ള സംഘം ഇക്കരെ കൊട്ടിയൂരിൽ നിന്ന് പുറപ്പെടും. ബാവലി തീരത്തെ കാട്ടുവഴികളിലൂടെ മന്ദംചേരിയിലെ കൂവപ്പാടത്തിൽ എത്തി കൂവയിലകൾ ശേഖരിക്കും. ഇവരെ ഒറ്റപ്പിലാൻ, പുറങ്കലയൻ, ജന്മാശാരി എന്നിവർ പുഴക്കരയിൽ കാത്തുനിൽക്കും. തുടർന്ന് എല്ലാവരും ബാവലിയിൽ കുളിച്ച് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കും.
മണിത്തറയിലെ സ്വയംഭൂവിൽ ആദ്യം ഒറ്റപ്പിലാന്റെ നേതൃത്വത്തിലുള്ള സംഘവും പിന്നീട് പടിഞ്ഞീറ്റയുടെ നേതൃത്വത്തിലുള്ള സംഘവും അഭിഷേകം നടത്തും. തിടപ്പള്ളി അടുപ്പിൽ നിന്ന് ഭസ്മം പൂശി പടിഞ്ഞാറേ നടവഴിയാണ് സംഘം തിരികെ ഇക്കരെയ്ക്ക് കടക്കുക. രാത്രി ആയില്യാർ കാവിൽ പ്രത്യേക ഗൂഢപൂജകളും നടക്കും. മെയ് 28-ന് നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് ഔദ്യോഗികമായി തുടക്കമാകുക.







