വിദ്യാർഥിയുടെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്ന് പേർ നോയിഡയിൽ പിടിയിൽ; വലവിരിച്ച് കണ്ണൂർ സൈബർ പോലീസ്

കണ്ണൂർ (അഞ്ചരക്കണ്ടി): അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കിയ ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പ് നടത്തിപ്പുകാരെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടി. നോയിഡയിൽ വെച്ച് അതിസാഹസികമായാണ് പ്രധാന പ്രതികളെ പോലീസ് വലയിലാക്കിയത്. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്.
വിദ്യാർഥിയുടെ അധ്യാപിക നൽകിയ പരാതിയിലാണ് പോലീസിന്റെ ഈ നിർണ്ണായക നടപടി. വിദ്യാർഥി ലോൺ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാത്തതിനെ തുടർന്ന്, റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന അധ്യാപികയുടെ ഫോൺ നമ്പറിലേക്ക് നിരന്തരം കോളുകളും മെസ്സേജുകളും വരികയുമായിരുന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾ ഒരു മണിക്കൂറിൽ തന്നെ നിരവധി കോളുകളാണ് അധ്യാപികയ്ക്ക് ചെയ്തിരുന്നത്. ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽ നിന്നും ഇവർ ശല്യം തുടർന്നു.
പ്രതികൾ ബന്ധപ്പെട്ട നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും, സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം നോയിഡയിലുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. വലിയ നഗരമായതിനാൽ പ്രതികളെ കണ്ടെത്തുന്നത് പ്രയാസകരമായിരുന്നെങ്കിലും, കേരള പോലീസിന്റെ മികവാർന്ന അന്വേഷണത്തിൽ പ്രതികൾ നിയന്ത്രിച്ചിരുന്ന സ്ഥാപനം കണ്ടെത്തുകയായിരുന്നു. ഒരു ഐ.ടി പാർക്കിന് സമാനമായ രീതിയിൽ 40 ഓളം ജീവനക്കാരുമായാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനായി ഭീഷണിപ്പെടുത്തുന്നതും ഇവിടെ നിന്നായിരുന്നു.
നോയിഡ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, ആളുകളെ വിളിക്കാൻ ഫോണിന് പകരം ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്ന സിം ബോക്സുകളാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. സ്ഥാപന നടത്തിപ്പുകാരായ പ്രധാന പ്രതികളെ പിടികൂടിയ പോലീസ് ഈ സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.ഐ മിഥുൻ എസ്.വിയുടെ നേതൃത്വത്തിൽ സി.പി.ഒമാരായ സുനിൽ കെ., ദിജിൻ രാജ് പി.കെ. എന്നിവരടങ്ങിയ സംഘമാണ് നോയിഡയിൽ വെച്ച് പ്രതികളെ പിടികൂടിയത്. ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത (Cr No – 217/2026) കേസിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.







