യു ഡി എഫ് നേതാവിൻ്റെ പ്രസ്താവന പരാജയ ഭീതിയിൽ നിന്നുണ്ടാവുന്ന സ്ഥലജല വിഭ്രാന്തി : കെ കെ രാഗേഷ്
കണ്ണൂര്‍
തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് മുൻ കാലത്തൊന്നും നേരിടാത്ത പരാജയത്തെയാണ് അഭിമുഖികരിക്കാൻ പോവുന്നത്. അതിൽ നിന്നുണ്ടാവുന്ന സ്ഥല ജല വിഭ്രാന്തിയാണ് UDF നേതാവിൻ്റെതായി വന്ന പ്രസ്താവനയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു. കനത്ത പരാജയം നേരിടേണ്ടിവരുമെന്ന് ബോധ്യപ്പെട്ടതിന്റെ പരിഭ്രാന്തിയിലാണ് യു ഡി എഫ്. തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് അക്രമമെന്ന പതിവ് പല്ലവി കോണ്‍ഗ്രസുകാർ ആവർത്തിക്കുകയാണ്.
കണ്ണപുരം, മലപ്പട്ടം, ആന്തൂർ, ഉൾപ്പടെ ജില്ലയിൽ 14 ഇടത്ത് എൽ ഡി എഫ് എതിരില്ലാതെ ജയം നേടിയിരുന്നു. യുഡിഎഫിന് പലയിടത്തും പത്രിക നല്‍കാൻ പോലും ആളില്ലാത്ത അവസ്ഥയിലായിരുന്നു. നിർദ്ദേശിക്കുന്നവരുടെ വ്യാജ ഒപ്പിട്ടതിന് പൊലീസ് കേസ് നിലവിലുണ്ട്. ചിലേടങ്ങളിൽ സ്ഥാനാർത്ഥികൾ അറിയാതെയാണ് പത്രിക നല്‍കിയതെന്ന് അവർ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് വെളിപ്പെടുത്തി. വനിതാ സംവരണ വാർഡിൽ കോൺഗ്രസ്സുകാരനായ പുരുഷന്മാർ പത്രിക നൽകിയ പരിഹാസ്യമായ അവസ്ഥ വരെയുണ്ടായി. ഈ ജാള്യത മറച്ചു വെക്കാനാണ് സി പി ഐ (എം ) അക്രമമെന്ന ജല്പനം ഡി സി സി പ്രസിഡണ്ട് നടത്തുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജനങ്ങളിൽ നിന്നുണ്ടായ പ്രതികരണം എൽ ഡി എഫ് ന് അനുകൂലമാണെന്ന് മനസിലാക്കിയാണ് ഡി സി സി പ്രസിഡൻ്റിൻ്റെ പതിവ് പല്ലവി.
തളിപറമ്പിലും പരിയാരത്തും എൽ ഡി എഫ് പ്രവർത്തകരെ ബൂത്തിൽ അക്രമിക്കുന്ന സ്ഥിതിയാണുണ്ടായത്. പരിക്കേറ്റ എൽ ഡി എഫ് പ്രവർത്തകർ തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
യു ഡി എഫി ലെയും പ്രത്യേകിച്ച് കോൺഗ്രസ്സിലെയും തമ്മിൽ തല്ലും തൊഴുത്തിൽ കുത്തും, പാലക്കാട് എം എൽ എ യുടെ ലൈംഗീക വൈകൃതങ്ങളും അതിനെ തുടർന്നുള്ള കേസുകളും അതിനെ ന്യായീകരിക്കുന്ന നേതാക്കളുടെ അവസരവാദ നിലപാടുകളും ജനങ്ങളിൽ നിന്നും തീർത്തും യു ഡി എഫി നെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്.
അഴിമതിയിൽ മുങ്ങികുളിച്ച് ജനോപകാരപ്രദമായ പദ്ധതികളൊന്നും നടപ്പിലാക്കാത്ത കണ്ണൂർ കോർപ്പറേഷൻ പോലും യു ഡി എഫ് നെ കൈവിടുകയാണ്.
യു ഡി എഫ് ന് കനത്ത ആഘാതമുണ്ടാക്കുന്ന ജവിധിയാണ് ശനിയാഴ്ച ജില്ലയിൽ വരാൻ പോകുന്നതെന്നും കെ കെ രാഗേഷ് പറഞ്ഞു.
—
