പയ്യന്നൂരിൽ സി പി എം നേതൃത്വത്തിൽ ബൂത്ത് പിടുത്തവും അക്രമവുമെന്ന് യു ഡി എഫ് : പരിക്കേറ്റവർ ആശുപത്രിയിൽ
പയ്യന്നൂർ: പയ്യന്നൂർ നഗരസഭാ പരിധിയിൽ സി.പിഎം നേതൃത്വത്തിൽ വ്യാപകമായ കള്ളവോട്ടും ബൂത്തുപിടുത്തവും.തടയാൻ ശ്രമിച്ച യുഡിഎഫ് ഏജൻറുമാരെയും പ്രവർത്തകരെയും അക്രമിച്ച് പരിക്കേൽപ്പിച്ചതായും യു ഡി എഫ് നേതൃത്വം ആരോപിച്ചു. അന്നൂർ മേഖലയിലാണ് കൂടുതലും അക്രമങ്ങൾ അരങ്ങേറിയത്. 43-ാം വാർഡിലെ രണ്ട് ബൂത്തുകളും സി.പി.എം പ്രവർത്തകർ സംഘടിച്ചെത്തി കൈയ്യേറി കള്ളവോട്ട് ചെയ്തതായും യു ഡി എഫ്ബൂത്ത് ഏജൻറുമാരായിരുന്ന നിലവിലെ കൗൺസിലർ കൂടിയായ കെ.കെ.അശോക് കുമാറിനെയും പറമ്പത്ത് രവിയെയും ബൂത്തിനകത്ത് നിന്ന് പുറത്തേക്ക് വലിച്ചുകൊണ്ടു പോകുകയും മർദ്ദിക്കുകയുമായിരുന്നു.ഇവരുടെ കൈയ്യിൽ നിന്ന് വോട്ടർ പട്ടിക ബലമായി പിടിച്ചെടുത്ത് കീറി നശിപ്പിക്കുകയും ചെയ്തു. വൈകുന്നേരം 3.30 മണിയോടെയാണ് സംഭവം.
39-ാം വാർഡിലും വ്യാപകമായ കള്ളവോട്ടും അക്രമവും നടന്നു.പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വോട്ടെടുപ്പിൻ്റെ അവസാന നിമിഷത്തിലാണ് ഒരു സംഘം സി.പിഎം പ്രവർത്തകർ ബൂത്തിനകത്തേക്ക് അതിക്രമിച്ച് കയറി കള്ളവോട്ട് ചെയ്യാൻ തുടങ്ങിയതെന്നും.ഇതിനെ എതിർത്ത യു.ഡി.എഫ് സ്ഥാനാർത്ഥി ഗീത ദിനേശന് നേരെ അസഭ്യവർഷം നടത്തുകയും ബൂത്തിന് പുറത്തുണ്ടായിരുന്ന സ്ഥാനാർത്ഥിയുടെ ഭർത്താവ് ദിനേശൻ, മകൻ ആദിത്യൻ, ഐ.എൻ.ടി.യു.സി നേതാവ് സി.കെ.വിനോദ് കുമാർ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.ഇവരെ പയ്യന്നൂരിലെ സ്വകാര്യ ശുപത്രിയിൽ പ്രവേശിപ്പിച്ചു. 16-ാം വാർഡിലെ സ്ഥാനാർത്ഥി ലതാ നാരായണൻ്റെ ബൂത്ത് ഏജൻ്റായിരുന്ന മകൾ ആത്മ നാരായണനും ആക്രമത്തിനിരയായി.
ഡിവൈഎസ്പി കെ.വിനോദ് കുമാറും സംഘവും എത്തിയാണ് പരിക്കേറ്റവരെ പലരെയും ആശുപത്രിയിലെത്തിച്ചത്.21-ാം വാർഡിലും വ്യാപകമായി കള്ളവോട്ട് നടന്നു. ഇവിടെ ബൂത്ത് ഏജൻറായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി ശോഭനയെ ഭീഷണിപ്പെടുത്തുകയും പിന്നീട് പിടിച്ചിറക്കുകയും ചെയ്തു.40,41,44 വാർഡുകളിലും സി പി എം നേതൃത്വത്തിൽ വ്യാപക കള്ളവോട്ടു നടന്നതായി യു.ഡി.എഫ് ആരോപിച്ചു. എരമം കുറ്റൂർ പഞ്ചായത്തിലെ സ്ഥാനാർത്ഥിയായിരുന്ന ശാരദ ടീച്ചറെയും ഭർത്താവ് സദാനന്ദൻ മാഷെയും സി പി എം പ്രവർത്തകർ മർദ്ദിച്ചതായി യുഡിഎഫ് നേതാക്കൾ പറഞ്ഞു. കള്ളവോട്ട് കൊണ്ട് യുഡിഎഫ് വിജയത്തെ തടയാനാവില്ല -കെ.ജയരാജ്
പയ്യന്നൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട സി പി എംപയ്യന്നൂർ നഗരസഭ പരിധിയിൽ ക്രിമിനലുകളെ അഴിച്ചു വിട്ട് വ്യാപക കള്ളവോട്ടും ബൂത്തുപിടുത്തവും അക്രമവും നടത്തിയെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ജയരാജ്.അന്നൂർ മേഖലയിലെ വാർഡുകളിലാണ് സംഘടിതമായി സി.പി.എം കള്ളവോട്ട് നടത്തിയത്. എന്നാൽ കള്ളവോട്ടും അക്രമവും കൊണ്ട് യു.ഡി.എഫ് വിജയത്തെ തടയാനാവില്ലെന്നും പയ്യന്നൂർ നഗരസഭയിൽ യു ഡി എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. എല്ലായിടത്തും പോലീസ് നിഷ്ക്രിയമായിരുന്നുവെന്നും അക്രമകാരികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കെ.ജയരാജ് ആവശ്യപ്പെട്ടു.
