വധഭീഷണി ആറുപേർക്കെതിരെ കേസ്

വളപട്ടണം: വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ ആറു പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. അഴിക്കോട് അഴീക്കൽ ചാലിലെ സി.വി .ദിനേശൻ്റെ (68) പരാതിയിലാണ് പ്രദേശവാസികളായ ശ്രീലേഷ്, സതീശൻ, ജനീഷ് , വിമൽ, ശരത്, സുമിത്ത് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ നവംബർ 23 ന് രാവിലെ 10 മണിക്കായിരുന്നു സംഭവങ്ങൾക്ക് തുടക്കം. പരാതിക്കാരനും കുടുംബവും താമസിക്കുന്ന വീട്ടിലെത്തിയ പ്രതികൾ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഒന്നാം പ്രതി തേങ്ങയുടെ തൊണ്ട് കൊണ്ട് തലക്ക് എറിയുകയും സംഭവ ദിവസം രാത്രി 10 മണിയോടെ വീണ്ടും മൂന്നും അഞ്ചും പ്രതികൾ പരാതിക്കാരൻ്റെ വീട്ടിൻ്റെ കോമ്പൗണ്ടിൽ കടന്നു കയറി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






