July 12, 2025

ഭവനരഹിതരില്ലാത്ത നാറാത്ത്; പഞ്ചായത്ത്തല പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു

img_6451-2.jpg


സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്തിനെ പുരാവസ്തു പുരാരേഖ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. കെ വി സുമേഷ് എംഎല്‍എ അധ്യക്ഷനായി. ഭൂമിയുള്ള 137 ഭവന രഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കിയാണ് നാറാത്ത് ഈ നേട്ടം സ്വന്തമാക്കിയത്. ഇതില്‍ 130 ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചു. ഏഴ് വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. പൂര്‍ത്തീകരിച്ച ഭവനങ്ങളില്‍ 70 പേര്‍ പട്ടികജാതി വിഭാഗത്തിലും ആറു പേര്‍ മത്സ്യത്തൊഴിലാളി വിഭാഗത്തിലും നാലുപേര്‍ അതിദാരിദ്ര്യ വിഭാഗത്തിലും മൂന്നുപേര്‍ ആശ്രയ വിഭാഗത്തിലും ഒരാള്‍ പട്ടികവര്‍ഗ വിഭാഗത്തിലും ഉള്‍പ്പെടുന്നു. 5.69 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ലൈഫ് പദ്ധതിയില്‍ നിര്‍മിച്ച എല്ലാ ഭവനങ്ങളിലെ വ്യക്തികളെയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂറ് ദിവസത്തെ തൊഴിലും നല്‍കുന്നുണ്ട്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആട്ടിന്‍കൂട്, കോഴിക്കൂട്, സോക്ക് പിറ്റ്, കമ്പോസ്റ്റ്, പിറ്റ് എന്നിവയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ലൈഫ് ഗുണഭോക്താക്കള്‍ക്ക് വ്യക്തിഗത സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാനും സഹായം ലഭിച്ചിട്ടുണ്ട്. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി പവിത്രന്‍, കെ ബൈജു, എം.പി മോഹനന്‍, പി രാമചന്ദ്രന്‍, യു.പി മുഹമ്മദ് കുഞ്ഞി, പി.ടി രത്നാകരന്‍, കെ.ടി അബ്ദുള്‍ വഹാബ്, പി ശിവദാസ്, പി ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger