ഓട്ടോ സ്റ്റാൻഡിലേക്ക് കാർ ഇടിച്ചുകയറി; മൂന്നുപേർക്ക് പരിക്ക്
ചിറ്റാരിപ്പറമ്പ് : ടൗണിലെ ഓട്ടോസ്റ്റാൻഡിലേക്ക് കാർ ഇടിച്ചുകയറി മൂന്ന് ഓട്ടോഡ്രൈവർമാർക്ക് പരിക്ക്. പരിക്കേറ്റ എ.കെ. ഷഹീർ (45), ഇ.കെ. നിസാർ (49), വി. പ്രജീഷ് (44) എന്നിവരെ തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവം. അപകടത്തിൽ മൂന്ന് ഓട്ടോറിക്ഷകൾക്കും ഒരു ജീപ്പിനും കേടുപാടുകൾ സംഭവിച്ചു. ഓട്ടോറിക്ഷകൾ സ്റ്റാൻഡിൽ വരിയായി വെച്ചതായിരുന്നു.
കണ്ണവം ഭാഗത്തുനിന്ന് വന്ന കർണാടക രജിസ്ട്രേഷനിലുള്ള കാറാണ് സ്റ്റാൻഡിനു മുന്നിലുണ്ടായിരുന്ന ഓട്ടോയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മുന്നിലെ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. ഇടികൊണ്ട ഓട്ടോ പിന്നോട്ടുനീങ്ങി രണ്ട് ഓട്ടോയിലും സമീപത്ത് നിർത്തിയിട്ട ജീപ്പിലും ഇടിക്കുകയായിരുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരായിരുന്നു കാർ യാത്രക്കാർ. ഉറങ്ങിപ്പോയതാണെന്ന് കാർഡ്രൈവർ പറഞ്ഞു. കണ്ണവം പോലീസ് സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി.
