July 8, 2025

ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങൾക്ക് നേരേ ഇറാന്റെ ആക്രമണം;മിസൈലുകൾ പ്രതിരോധിച്ചെന്ന് ഖത്തർ

img_2678-1.jpg

ദോഹ: ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ഇറാന്റെ മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാനിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്‌ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം, അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയും വ്യോമപാതയും സുരക്ഷിതമാണെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഏതുഭീഷണി നേരിടാനും ഖത്തറിന്റെ സായുധസേനകള്‍ സജ്ജമാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. 

അതിനിടെ, യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആരംഭിച്ച മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളെന്നപേരില്‍ ചില വീഡിയോകളും ഇറാനില്‍നിന്നുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദോഹയില്‍നിന്നുള്ള വീഡിയോകളെന്ന് അവകാശപ്പെട്ടാണ് സാമൂഹികമമാധ്യമമായ എക്‌സിലടക്കം ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. 

ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരേ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയിലെ അമേരിക്കന്‍ സൈനികതാവളങ്ങള്‍ക്ക് നേരേ ആക്രമണം നടത്തുമെന്നായിരുന്നു ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിങ്കളാഴ്ച ഖത്തര്‍ വ്യോമപാത അടച്ചിരുന്നു. താമസക്കാരുടേയും സന്ദര്‍ശകരുടേയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ അമേരിക്കന്‍ പൗരന്മാര്‍ സുരക്ഷിത സ്ഥലങ്ങളില്‍ കഴിയണമെന്ന് യുഎസ് എംബസിയും നിര്‍ദേശിച്ചു. ഖത്തറിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger