കെനിയയിൽ അപകടത്തിൽ പെട്ട മലയാളികളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഖത്തറിലെ ഇന്ത്യൻ എംബസി ഹെൽപ്‌ലൈൻ സൗകര്യം ഒരുക്കി

ന്യൂഡൽഹി: കെനിയയിൽ വിനോദയാത്രാ സംഘം അപകടത്തിൽപെട്ട് മലയാളികൾ അടക്കമുള്ളവർ മരിച്ച സംഭവത്തിൽ അന്വേഷണങ്ങൾക്കും സഹായങ്ങൾക്കുമായി ഖത്തറിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ സേവനം തുടങ്ങി. +974 55097295എന്ന മൊബൈൽ നമ്പറിൽ എംബസിയെ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
അപകട സ്ഥലത്തുള്ള നെയ്റോബിയിലെ ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥർ എല്ലാ സഹായങ്ങളും ലഭ്യമാക്കും. ഐ.സി.സി, ഐ.സി.ബി.എഫ്, ദോഹയിലെ മറ്റ് കമ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവയുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. -ഖത്തറിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
കെനിയയിൽ അപകടത്തിൽപെട്ട ഖത്തറിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിലെ മൂന്ന് വനിതകളും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ച് മലയാളികളാണ് മരിച്ചത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്‍റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ സ്വദേശികളായ ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്റിൻ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ 27 പേർക്ക് പരിക്കുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണ്. മരിച്ച റിയയുടെ ഭർത്താവ് ജോയൽ ഗുരുതര പരിക്കുകളോടെ കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മകൻ ട്രാവിസും പരിക്കുകളോടെ ആശുപത്രിയിലാണ്. ജസ്നയുടെ ഭർത്താവ് തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫക്കും അപകടത്തിൽ പരിക്കേറ്റു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക