ചരിത്രമായി സമസ്ത ശതാബ്ദി; കുണിയയിൽ ഒഴുകിയെത്തിയത് ലക്ഷങ്ങൾ! ഐക്യത്തിന് ആഹ്വാനം ചെയ്ത് ജിഫ്രി തങ്ങൾ

കുണിയ (കാസർഗോഡ്): വിശ്വാസി ലക്ഷങ്ങളെ സാക്ഷിനിർത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങൾക്ക് കാസർഗോഡ് കുണിയയിൽ ചരിത്രപരമായ സമാപനം. കേരളം, കർണ്ണാടകം, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ഒഴുകിയെത്തിയ ജനസഹസ്രങ്ങൾ കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിനെ തൂവെള്ള സാഗരമാക്കി മാറ്റി.
സമാപന പൊതുസമ്മേളനം ഈജിപ്തിലെ അൽ അസ്ഹർ ഇസ്ലാമിക് സർവ്വകലാശാല റെക്ടർ ഡോ. സലാമ അലി ദാവൂദ് ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സുന്നി സംഘടനകളുടെ ഐക്യത്തിനായി മാതൃസംഘടനയിൽ നിന്ന് അകന്നുപോയവർ തിരികെ വരണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ ആഹ്വാനം ചെയ്തു. സമസ്തയുടെ ശക്തിയും വലിപ്പവും ലോകത്തിന് ബോധ്യപ്പെട്ട നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരുന്നാളുകൾക്ക് മൂന്ന് ദിവസം വീതം ഔദ്യോഗിക അവധി അനുവദിക്കണമെന്നും, ജുമുഅ നമസ്കാരത്തിന് തടസ്സമാകാത്ത രീതിയിൽ പരീക്ഷാ സമയക്രമം നിശ്ചയിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ശതാബ്ദി അവാർഡ് സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.














