കെട്ടിടം പൊളിച്ച തായി വ്യാജ രേഖ മൂന്നു പേർക്കെതിരെ കേസ്

ചക്കരക്കൽ : വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്നും താമസക്കാരനെ ഒഴിപ്പിക്കുന്നതിന് കെട്ടിടം പൊളിച്ചു മാറ്റിയതായി കോടതിയിൽ സമർപ്പിക്കാൻവ്യാജ രേഖയുണ്ടാക്കിയെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. ഏച്ചൂർ സ്വദേശി രമിത്ത് രാഘവൻ്റെ പരാതിയിലാണ് കെട്ടിട ഉടമ കമല , മുണ്ടേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ജീവനക്കാരി എം.വി. പ്രീമ എന്നിവർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്. പരാതിക്കാരൻ 10 വർഷമായി താമസിച്ചുവരുന്ന വാടക വീട്ടിൽ നിന്നും നിയമവിരുദ്ധമായി ഒഴിപ്പിക്കാനും കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനുമായി കെട്ടിട ഉടമയും പഞ്ചായത്ത് ജീവനക്കാരിയും സെക്രട്ടറിയും ചേർന്ന് ഗൂഢാലോചന നടത്തി പരാതിക്കാരനെ വഞ്ചിച്ചു കൊണ്ട് 2025 മാർച്ച് 7 ന് കെട്ടിട ഉടമയുടെ അപേക്ഷയിൽ മാർച്ച് 20ന് കെട്ടിടം പൊളിച്ചു മാറ്റിയതായി ജീവനക്കാരി സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുകയും സെക്രട്ടറി പഞ്ചായത്ത് രേഖകളിൽ നിന്നും കെട്ടിടം നീക്കം ചെയ്തുവെന്ന് വ്യാജ രേഖയുണ്ടാക്കിയെന്ന പരാതിയിലാണ് കേസെടുത്തത്.







