തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും പിഴയും

തളിപ്പറമ്പ്: കേരള മനഃസാക്ഷിയെ നടുക്കിയ തയ്യിൽ കടപ്പുറത്തെ പിഞ്ചുകുഞ്ഞിന്റെ കൊലപാതക കേസിൽ പ്രതിയായ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.
ഐ.പി.സി 302 പ്രകാരം കൊലപാതകക്കുറ്റം തെളിഞ്ഞതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ പ്രതിയായിരുന്ന ശരണ്യയുടെ കാമുകൻ നിധിനെ ഗൂഢാലോചന കുറ്റം തെളിയാത്തതിനെത്തുടർന്ന് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
ക്രൂരമായ കൊലപാതകം:
2020 ഫെബ്രുവരി 17-ന് പുലർച്ചെ 2.45-ഓടെയാണ് തയ്യിൽ കടപ്പുറത്ത് ഒന്നര വയസ്സുകാരൻ വിയാൻ കൊല്ലപ്പെട്ടത്. ഭർത്താവ് പ്രണവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയെടുത്ത് ശരണ്യ കടൽത്തീരത്തെ പാറക്കൂട്ടത്തിലേക്ക് എറിയുകയായിരുന്നു. കാമുകനായ നിധിനൊപ്പം ജീവിക്കാൻ കുഞ്ഞ് തടസ്സമാണെന്ന ചിന്തയും, കുറ്റം ഭർത്താവിന്റെ മേൽ ചുമത്താമെന്ന കണക്കുകൂട്ടലുമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തെളിവായത് ശസ്ത്രീയ പരിശോധന:
ആദ്യം കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ശരണ്യ ശ്രമിച്ചത്. എന്നാൽ കണ്ണൂർ സിറ്റി പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലും ശാസ്ത്രീയ പരിശോധനയിലും ശരണ്യ കുടുങ്ങുകയായിരുന്നു. കൊല നടന്ന ദിവസം ധരിച്ചിരുന്ന വസ്ത്രത്തിലെ കടൽമണ്ണും ഉപ്പും ശാസ്ത്രീയ പരിശോധനയിൽ തെളിവായി മാറി.
നിലവിൽ ജാമ്യത്തിലിറങ്ങി ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ശരണ്യ. വിധി പ്രസ്താവന കേൾക്കാൻ ശരണ്യ കോടതിയിൽ ഹാജരായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ബി.യു. രമേശൻ ഹാജരായി.






