കണ്ണൂർ സ്വദേശി ഷാർജയിൽ മുങ്ങിമരിച്ചു

ഷാർജ: ഒരാഴ്ചയോളമായി കാണാതായ കണ്ണൂർ സ്വദേശിയെ ഷാർജ ജുബൈൽ ബീച്ചിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിയാട്ടൂർ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കൽ (43) ആണ് മരിച്ചത്. മൂന്ന് വർഷത്തിലേറെയായി അജ്മാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തുവരികയായിരുന്നു ഷാബു.
കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചു വരികയായിരുന്നു. സുഹൃത്തുക്കളെ കാണാനാണെന്ന് പറഞ്ഞ് അജ്മാനിലെ ക്യാമ്പിൽ നിന്ന് കമ്പനി വാഹനത്തിൽ ഷാർജ ജുബൈൽ ബസ് സ്റ്റേഷനിൽ ഇറങ്ങിയ ഷാബുവിനെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.
പിന്നീട് ഷാർജ പോലീസ് വിവരമറിയിച്ചതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും എത്തി മൃതദേഹം തിരിച്ചറിഞ്ഞു. പത്ത് വർഷത്തോളമായി പ്രവാസിയായ ഷാബു മുൻപ് കുവൈത്തിലും ജോലി ചെയ്തിട്ടുണ്ട്. പരേതനായ മാധവന്റെയും യശോദയുടെയും മകനാണ്.
• ഭാര്യ: വിജിഷ.
• മകൾ: ഇവാനിയ.
• സഹോദരങ്ങൾ: സജിത്കുമാർ (കുറ്റിയാട്ടൂർ സർവീസ് സഹകരണ ബാങ്ക്), ബാബു, ഇന്ദിര, നിഷ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.






