ന്യൂമാഹിയിൽ കടവരാന്തയിൽ മുനമ്പം സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പ്രതി അറസ്റ്റിൽ

ന്യൂമാഹി: ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിന് സമീപത്തെ കടവരാന്തയിൽ മുനമ്പം സ്വദേശിയെ തലയ്ക്ക് സാരമായി പരിക്കേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രതിയെ ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂമാഹി പോലീസിന്റെ വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊല്ലപ്പെട്ടത് മുനമ്പം പള്ളിപ്പുറം സ്വദേശി നെടിയിരിപ്പിൽ ഹൗസിൽ എൻ. പ്രകാശൻ ആണെന്ന് തിരിച്ചറിഞ്ഞത്. കേസിലെ പ്രതിയായി തമിഴ്നാട് കള്ളക്കുറിച്ചി വെറ്റിപുരം സ്വദേശി ലക്ഷ്മണനെയാണ് പോലീസ് പിടികൂടിയത്.
നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് 12 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ സാധിച്ചത്. കുറച്ചുകാലമായി മാഹി, അഴിയൂർ മേഖലകളിൽ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു കൊല്ലപ്പെട്ട പ്രകാശൻ.
വെള്ളിയാഴ്ച രാവിലെ മാഹി ചെക്ക് പോസ്റ്റിന് സമീപമുള്ള സ്കൈ ബോൺ ട്രാവൽസിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് രക്തപുരണ്ട കരിങ്കല്ലും ഷർട്ടും ചെരിപ്പും ബാഗും കണ്ടെത്തിയിരുന്നു. കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു മൃതദേഹം.
സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഇൻസ്പെക്ടർ ബിജു പ്രകാശ്, സബ് ഇൻസ്പെക്ടർമാരായ സി.പി. രാജീവൻ, പ്രശോഭ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.






