സിപി രാധാകൃഷ്ണന്‍ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ഥി സി.പി. രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യാ മുന്നണിക്ക് വേണ്ടി മത്സരിച്ച സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി. സദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയാണ് പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.
ആര്‍എസ്എസിലൂടെ വളര്‍ന്നുവന്ന വ്യക്തിയാണ് ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണനെന്ന സി.പി. രാധാകൃഷ്ണന്‍. 2003 മുതല്‍ 2006 വരെ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനായിരുന്നു. കോയമ്പത്തൂരില്‍നിന്ന് മുന്‍പ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2023 ഫെബ്രുവരി 18 മുതല്‍ 2024 ജൂലായ് 30 വരെ ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. പിന്നീട് കുറഞ്ഞ ദിവസങ്ങളില്‍ തെലങ്കാന ഗവര്‍ണറും പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവര്‍ണറുമായി സേവനം ചെയ്തു. 1957 ഒക്ടോബര്‍ 20-ന് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ജനനം.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ ഹാളില്‍ (എഫ്-101) ആണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടന്നത്. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. തുടര്‍ന്ന് അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ.പി. നദ്ദ, കിരണ്‍ റിജിജു തുടങ്ങിയ മുതിര്‍ന്ന നേതാക്കളും വോട്ട് ചെയ്തു. പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി വാദ്ര എന്നിവരും വോട്ട് ചെയ്തു.
കണക്കുകള്‍ പ്രകാരം, തുടക്കത്തില്‍ തന്നെ 427 എംപിമാരുടെ പിന്തുണയോടെ രാധാകൃഷ്ണന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. ലോക്‌സഭയില്‍ അദ്ദേഹത്തിന് 293 വോട്ടുകളും രാജ്യസഭയില്‍ 134 എംപിമാരുടെ പിന്തുണയും ലഭിക്കുമെന്നാണ് എന്‍ഡിഎ കണക്കുകൂട്ടിയിരുന്നത്.
ബിജു ജനതാദളില്‍ (ബിജെഡി) നിന്ന് ഏഴ് പേരും, ഭാരത് രാഷ്ട്ര സമിതിയില്‍ (ബിആര്‍എസ്) നിന്ന് നാല് പേരും, ശിരോമണി അകാലിദളില്‍ (എസ്എഡി) നിന്ന് ഒരാളും, ഒരു സ്വതന്ത്ര എംപിയും ഉള്‍പ്പെടെ ആകെ 13 എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തങ്ങളുടെ 315 പാര്‍ലമെന്റ് അംഗങ്ങളും വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു പ്രതിപക്ഷ സഖ്യം അവകാശപ്പെട്ടിരുന്നത്. ഫലപ്രഖ്യാപനം വന്നതോടെ പ്രതിപക്ഷത്തുനിന്നും രാധാകൃഷ്ണന് വോട്ട് ലഭിച്ചുവെന്നാണ് മനസിലാക്കുന്നത്.