September 17, 2025

ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യംവെച്ച് ഇസ്രായേൽ ആക്രമണം; നടപടി അംഗീകരിക്കാനാകില്ലെന്ന് ഖത്തർ

img_1811.jpg

ദോഹ: ഖത്തർ തലസ്ഥാനമായ ​ദോഹയിൽ ഇസ്രായേൽ ആക്രമണം. ഹമാസിന്‍റെ നേതാക്കൾ താമസിക്കുന്ന ദോഹയിലെ റെസിഡൻഷൽ ആസ്ഥാനം ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയിൽ ഗസ്സ വെടിനിർത്തൽ ചർച്ചകൾ ദോ​ഹയിൽ നടക്കുന്നതിനിടെയാണ് ഹമാസ് നേതാക്കൾക്ക് നേരെയുണ്ടായ ആക്രമണം. താമസക്കാരുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന, സിവിൽ ഡിഫൻസ്, ബന്ധപ്പെട്ട മറ്റ് വകുപ്പുകൾ എന്നിവ ഉടൻതന്നെ സംഭവസ്ഥലത്തെത്തി. സ്ഥിതിഗതികൾ നിയന്ത്രിക്കാനും പ്രദേശവാസികളുടെയും സമീപ പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം, ഇസ്രായേൽ ആക്രണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. കെട്ടിടങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ഭീരുത്വപരമായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. മേഖലയുടെ സുരക്ഷയെ നിരന്തരം ദുർബലപ്പെടുത്തുന്ന ഇസ്രായേലിന്റെ നിരുത്തരവാദപരവുമായ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മാജിദ് അൻസാരി എക്സിൽ പോസ്റ്റ് ചെയ്തു.

ഖത്തറിന്‍റെ സുരക്ഷയെയും പരമാധികാരത്തെയും ലക്ഷ്യമിട്ടുള്ള ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ല. ഉന്നത തലത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കുറ്റകൃത്യം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നയങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇത് ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം കുറിച്ചു.

സ്ഫോടന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഷിൻബെറ്റ് സെക്യൂരിറ്റി ഏജൻസിക്കൊപ്പം സംയുക്ത ആക്രമണം നടത്തിയെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) സ്ഥിരീകരിച്ചതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഏഴ് ആക്രമണത്തിന് ഉത്തരവാദികളായവരെ വകവരുത്തിയെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. അതേസമയം ദോഹയിൽ മധ്യസ്ഥ ചർച്ചകളിൽ പങ്കെടുക്കുന്നവരെ ഇസ്രായേൽ ലക്ഷ്യമിട്ടെന്നാണ് ഹമാസിന്‍റെ പ്രതികരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger