ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ഉടൻ നടപടി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്നറിയിപ്പുമായി രാഹുൽ

ഗയ (ബിഹാർ): വോട്ടർ പട്ടികയിലെ പ്രത്യേക തീവ്രപരിശോധനയെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് കമ്മീഷണർമാർക്കും എതിരെ വോട്ട് മോഷണത്തിന് നടപടി ആരംഭിക്കുമെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി.
‘വോട്ടർ അധികാർ യാത്ര’യുടെ ഭാഗമായി ഗയയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വോട്ട് മോഷണത്തിൽ പിടിക്കപ്പെട്ടിട്ടും സത്യവാങ്മൂലം ആവശ്യപ്പെടുന്നതായി രാഹുൽ ആരോപിച്ചു. “വോട്ട് മോഷണം ഭാരത മാതാവിന്റെ ആത്മാവിന്മേലുള്ള ആക്രമണമാണ്” എന്ന് അദ്ദേഹം പറഞ്ഞു.
“നിങ്ങളുടെ മോഷണം ഓരോ നിയമസഭാ മണ്ഡലത്തിലും ലോക്സഭാ മണ്ഡലത്തിലും തെളിയിച്ച് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുമെന്നും, രാജ്യം മുഴുവൻ നിങ്ങളോട് സത്യവാങ്മൂലം ആവശ്യപ്പെടുമെന്നും” രാഹുൽ പ്രസ്താവിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതുപോലെ, തിരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിനായി കൊണ്ടുവന്ന SIR എന്ന പദ്ധതിയും വോട്ട് മോഷണത്തിന്റെ പുതിയ രൂപമാണെന്ന് രാഹുൽ വിമർശിച്ചു. വേദിയിൽ ആർജെഡി നേതാവ് തേജസ്വി യാദവും സന്നിഹിതനായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിന്റെയും പ്രതിപക്ഷ നേതാക്കളുടെയും ആരോപണങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് വ്യക്തമാക്കി തള്ളിക്കളഞ്ഞു.