രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ തുടരുന്നു

ബിഹാറിലെ ഗയയിലാണ് രണ്ടാം ദിവസത്തെ വോട്ടർ അധികാർ യാത്ര പൊതുസമ്മേളനത്തോടെ സമാപിക്കുന്നത്. സാസറാമിൽ നിന്ന് ആരംഭിച്ച യാത്രയിൽ വലിയ ജനപങ്കാളിത്തം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കും എതിരായ ആരോപണങ്ങൾ രാഹുൽ ഗാന്ധി ബിഹാറിലും ആവർത്തിച്ചു.
65 ലക്ഷം വോട്ടുകൾ വെട്ടിയത് അദാനിയേയും അംബാനിയേയും സഹായിക്കാനാണെന്നും, പുതിയ വോട്ടുകൾ ബിജെപിയിലേക്ക് കൂട്ടമായി പോയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ചേർന്ന് വോട്ട് കൊള്ള നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇതിനിടെ, ആറു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ന് പാർലമെന്റ് സമ്മേളിക്കും. വോട്ടർ പട്ടിക വിഷയത്തിലെ പ്രതിഷേധം പാർലമെന്റിന് അകത്തും പുറത്തും തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഇന്ത്യാ സഖ്യത്തിലെ സഭാകക്ഷിനേതാക്കളുടെ യോഗത്തിൽ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ സംബന്ധിച്ചും ചർച്ച നടക്കും.