കർഷക താത്പര്യത്തിന് മതിൽ പോലെ നിൽക്കും – സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി

ന്യൂഡൽഹി: കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കന്നുകാലി വളർത്തുന്നവരുടെയും താത്പര്യങ്ങൾക്കെതിരായ ഏതൊരു നയത്തെയും തടയാൻ മതിൽ പോലെ നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്.
ചരിത്രം കുറിക്കേണ്ട സമയമാണിത്, ലോകവിപണിയെ ഇന്ത്യ ഭരിക്കണം, ഉത്പാദനച്ചെലവ് കുറച്ച് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളിലൂടെ ആഗോള വിപണിയിൽ കഴിവ് തെളിയിക്കണം എന്നും മോദി പറഞ്ഞു. “കുറഞ്ഞവില, ഉയർന്ന നിലവാരം” ലക്ഷ്യമാക്കണം, മറ്റു രാജ്യങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, സ്വന്തം ശക്തി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാൽ, പഴവർഗങ്ങൾ, ചണം എന്നിവയുടെ ഉത്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തും മത്സ്യം, അരി, ഗോതമ്പ്, പച്ചക്കറികൾ എന്നിവയിൽ രണ്ടാം സ്ഥാനത്തുമാണ് ഇന്ത്യ. നാല് ലക്ഷം കോടി രൂപയുടെ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തതായി മോദി വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഓഗസ്റ്റ് 6-ന് ഇന്ത്യക്കെതിരെ താരീഫ് യുദ്ധം ശക്തമാക്കിയതിനെത്തുടർന്നാണ് മോദിയുടെ പ്രസ്താവന. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ 50% പകരച്ചുങ്കം ഏർപ്പെടുത്തിയ യുഎസ് തീരുമാനം സമുദ്രോത്പന്നം, തുകൽ, തുണിത്തരങ്ങൾ തുടങ്ങിയ മേഖലയെ ബാധിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.