‘വോട്ട് മോഷണത്തിനെതിരായ യാത്ര ബിഹാറിന്‍റെ മണ്ണിൽ നിന്ന് തുടങ്ങുന്നു’; രാഹുല്‍ ഗാന്ധി

ദില്ലി: വോട്ടർ പട്ടിക ക്രമക്കേടുകളെ തുടർന്ന് വോട്ട് മോഷണത്തിനെതിരായ പ്രക്ഷോഭം ബിഹാറിൽ നിന്ന് ആരംഭിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് മാത്രമല്ല, ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ദൗത്യമാണ് വോട്ട് മോഷ്ടാക്കളെ തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധി, “വോട്ട് മോഷണം” എന്ന പേരിൽ വിശദമായ പ്രസന്റേഷൻ അവതരിപ്പിച്ചു. മഹാരാഷ്ട്ര, ഹരിയാന, കർണാടക സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ ഉണ്ടായ ദുരൂഹ മാറ്റങ്ങളും തെരഞ്ഞെടുപ്പ് തീയതികളിലെ വ്യത്യാസങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ചേർത്ത വോട്ടർമാരെക്കാൾ കൂടുതൽ പേർ അഞ്ചുമാസത്തിനുള്ളിൽ ചേർത്തതായി രാഹുൽ ആരോപിച്ചു. പോളിങ് അവസാനിച്ച ശേഷം 5 മണിക്ക് ശേഷമുള്ള വോട്ടിംഗ് നിരക്ക് അസാധാരണമായി ഉയർന്നുവെന്നും, വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
40 ലക്ഷം ദുരൂഹ വോട്ടർമാർ മഹാരാഷ്ട്രയിൽ ഉണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ 45 ദിവസം കഴിയുമ്പോൾ നശിപ്പിക്കുന്നതിനുള്ള നിയമമാറ്റം കമ്മീഷൻ നടത്തിയെന്നും, സോഫ്റ്റ് കോപ്പി നൽകാതിരുന്നതിനെ തുടർന്ന് രേഖകൾ പരിശോധിക്കാൻ ആറുമാസം വേണ്ടിവന്നതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യവ്യാപകമായി റാലികളും പ്രതിഷേധങ്ങളും നടത്താൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.