September 17, 2025

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടു; ചരിത്രദിനമെന്ന് മോദി

img_6499.jpg

ന്യൂഡല്‍ഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രിമാർ കരാറിൽ ഒപ്പുവെച്ചത്. ‘ചരിത്രപരമായ ദിവസം, ഏറെ നാളത്തെ പ്രയത്നത്തിന്‍റെ ഫലമാണിതെ’ന്ന് മോദി പ്രതികരിച്ചു. ഇരു രാജ്യങ്ങൾക്കും ഗുണംചെയ്യുന്ന കരാറാണ് ഇതെന്ന് ബ്രിട്ടൺ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു.

കരാര്‍ പ്രകാരം ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ബ്രിട്ടന്റെ 90% ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ കുറയും. ഇന്ത്യയില്‍നിന്ന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍ എന്നിവയുടെ നിലവിലെ 4 മുതല്‍ 16% വരെയുള്ള തീരുവ പൂര്‍ണമായും ഒഴിവാകും.

യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഇന്ത്യ കുറയ്ക്കും, എന്നാല്‍ ഇതിനൊരു ക്വാട്ട സംവിധാനം ഉണ്ടായിരിക്കും. അതായത്, കുറഞ്ഞ തീരുവ പരിമിതമായ എണ്ണം ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് മാത്രമേ ബാധകമാകൂ. കരാര്‍ അനുസരിച്ച് ഈ എണ്ണം ക്രമേണ ഉദാരവല്‍കരിക്കും. ആസ്റ്റണ്‍ മാര്‍ട്ടിന്‍, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നിവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

യുകെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ലഘൂകരിക്കുന്നതിന് പകരമായി, ഇന്ത്യന്‍ നിര്‍മാതാക്കളുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ പ്രവേശനം ലഭിക്കും. ഇതും ഒരു ക്വാട്ട സംവിധാനത്തിന് കീഴിലായിരിക്കും. 

ബിസിനസ് ആവശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കുന്നവര്‍ക്കും കരാര്‍ അടിസ്ഥാനത്തില്‍ സേവനം നല്‍കുന്നവര്‍ക്കും യോഗ പരിശീലകര്‍, ഷെഫുമാര്‍, സംഗീതജ്ഞര്‍ എന്നിവര്‍ക്കും യുകെയില്‍ താല്‍ക്കാലികമായി താമസിക്കുന്നതിനുള്ള അനുമതി ലഭിക്കും. യുകെയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളെയും അവരുടെ തൊഴിലുടമകളെയും മൂന്ന് വര്‍ഷത്തേക്ക് യുകെയിലെ സാമൂഹിക സുരക്ഷാ വിഹിതം അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

കരാര്‍ നിലവില്‍വരുന്നതോടെ സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതിച്ചുങ്കം 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയും. അടുത്ത ദശാബ്ദത്തിനുള്ളില്‍ ഇത് 40 ശതമാനമായി കുറയും. തന്ത്രപ്രധാനമല്ലാത്ത സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഇന്ത്യ അനുമതി നല്‍കും, ഇതിന്റെ പരിധി 200 കോടി രൂപ ആയിരിക്കും.

യുകെ സന്ദർശനത്തിൽ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും പ്രധാനമന്ത്രി മോദിയെ അനുഗമിക്കുന്നുണ്ട്. പ്രധാനമന്ത്രിയായ ശേഷം യുകെയിലേക്കുള്ള മോദിയുടെ നാലാമത്തെ സന്ദര്‍ശനമാണിത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger