പത്മജാ വേണുഗോപാൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു

Screenshot
തിരുവനന്തപുരം: പത്മജാ വേണുഗോപാൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. താൻ ജനിച്ചു വീണത് കോൺഗ്രസിലാണെന്നും ബി.ജെ.പിയിൽ ചേരാൻ എടുത്ത തീരുമാനം തെറ്റായിപ്പോയെന്നും പത്മജ വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ദിവസം കൊണ്ട് ചാടിപ്പിടഞ്ഞെടുത്ത തീരുമാനമായിരുന്നു അതെന്നും, ‘മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു’ ബി.ജെ.പിയിലെ അവസ്ഥയെന്നും അവർ വ്യക്തമാക്കി. എന്നാൽ തിരികെ കോൺഗ്രസിൽ ചേരണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2024 മാർച്ച് 7-നാണ് പത്മജ ബി.ജെ.പിയിൽ ചേർന്നത്. നിലവിൽ ബി.ജെ.പി ദേശീയ സമിതി അംഗമായിരുന്ന അവർക്ക് പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാജി.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് പത്മജ വിട്ടുനിൽക്കുകയായിരുന്നു. പാർട്ടിയുടെ പ്രധാന പരിപാടികളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നില്ല. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയപ്പോൾ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അംഗീകാരവും ലഭിച്ചില്ലെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടാറുള്ള അവർ ഏതാനും ആഴ്ചകളായി പാർട്ടിയുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും പങ്കുവെച്ചിരുന്നില്ല.







