പയ്യന്നൂരിന്റെ ആ വാസവൈവിധ്യങ്ങൾ തേടി പയ്യന്നൂർ കോളേജ് എൻ.എസ്. എസ് വിദ്യാർത്ഥികൾ.

പയ്യന്നൂർ : ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവര ശേഖരണ പ്രവർത്തനം ആരംഭിച്ചു. പയ്യന്നൂർ കോളേജ് എൻ. എസ്.എസ് യൂണിറ്റ്- II ലെ വളണ്ടിയർമാരാണ് വിവരശേഖരണം നടത്തുന്നത്. വികസനം ലക്ഷ്യമാക്കിയുള്ള വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നുള്ള ചുമതല നിർവ്വഹിക്കുന്നതിനും, ജൈവ വൈവിധ്യ സംരക്ഷണത്തിനും, പരിപാലനത്തിനും, പോഷണത്തിനും സഹായകമാകും വിധത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന രേഖയാണ് ജൈവൈവിധ്യ രജിസ്റ്റർ. പയ്യന്നൂരിന്റെ തനത് കാർഷിക വിളകൾ, മത്സ്യസമ്പത്ത്, ജൈവ വിഭവങ്ങളെ ആശ്രയിച്ച് ജീവനോപാധി നടത്തുന്നവർ, കള ചെടികൾ, മണ്ണിനങ്ങൾ,വളർത്തു മൃഗങ്ങൾ,പഴവർഗ്ഗ വിളകൾ അനുഷ്ഠാനകലകൾ പരമ്പരാഗത വൈദ്യം തുടങ്ങി ആവാസവൈവിധ്യങ്ങളുടെ പൊരുൾ അറിയുന്നതിനായാണ് ബിഎംസി പ്രവർത്തകരും പയ്യന്നൂർ കോളേജ് എൻഎസ്എസ് വളണ്ടിയർമാരും വാർഡുകളിൽ എത്തിയത്.പയ്യന്നൂരിലെ പരമ്പരാഗത ജനവിഭാഗങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട രണ്ട് കരകൗശല വിദ്യകളാണ് ഓലപ്പായ നിർമ്മാണവും കൂട്ടമെടയലും. രണ്ടും പൂർണമായും പ്രാദേശിക ജൈവ വിഭവങ്ങളെ ആശ്രയിച്ചുള്ളതാണ്. പയ്യന്നൂർ കൂർക്കരയിലെ വി.തമ്പായി ഉൾപ്പെടെ കൂട്ടമെടയൽ, പായമെടയൽ എന്നിവ ഉപജീവന മാക്കിയവരാണ്. മുള, ഈറ്റ എന്നിവയിൽ നിന്നാണ് ഇവർ കൂട്ട ഉണ്ടാക്കുനന്നത്. നന്നായി മൂത്ത മുള വെട്ടിക്കീറി നേർത്തെ ചീളുകളാക്കും. ചീളുകൾ വെയിലത്ത് ഉണക്കി മൃദുവാക്കിയ ശേഷമാണ് ഇത് ഉപയോഗിച്ച് കൂട്ട ഉണ്ടാക്കുന്നത്. കൈതയോല, പനയോല എന്നിവ കൊണ്ടാണ് ഓലപ്പായ ഉണ്ടാക്കുന്നത്. നന്നായി മൂത്ത ഓല വെട്ടിയെടുത്തു മൂന്ന് ദിവസം വെയിലത്തുണക്കി മൃദുവാക്കിയ ശേഷമാണ് മെടയുന്നത്. അടുപ്പിച്ച് മടഞ്ഞാൽ മഴ നനയാത്ത പായയും അകലത്തിൽ മെടഞ്ഞാൽ കാറ്റ് കടക്കുന്ന പായയും ലഭിക്കും. കൂട്ട നിർമ്മാണവും പായ നിർമ്മാണവും പൂർണമായും പരിസ്ഥിതി സൗഹൃദവും ജൈവ വിഭവങ്ങൾ കൊണ്ടുള്ളതുമാണ്. എന്നാൽ പ്ലാസ്റ്റിക് കൊട്ടകളും, പ്ലാസ്റ്റിക് പായകളും കടന്നു വന്നതോടുകൂടി ഈ രണ്ടു തൊഴിലുകളും പയ്യന്നൂരിൽ നിന്ന് ഏതാണ്ട് അന്യം നിന്ന് കൊണ്ടിരിക്കുകയാണ്. ചില പ്രത്യേക ചെടികളുടെ വേര് മുറിച്ചെടുത്ത് കുപ്പിയുടെ അടപ്പ് നിർമ്മിക്കുന്ന രീതിയും കുട്ടികൾ നേരിൽ കണ്ടു മനസ്സിലാക്കി. ഔഷധ കുപ്പികൾക്ക് ഒരു കാലത്ത് ഇത്തരം അടപ്പുകളാണ് ഉപയോഗിച്ചിരുന്നത്.എന്നാൽ ഇപ്പോൾ ശബരിമല ഭക്തരുടെ നെയ്തേങ്ങക്ക് വേണ്ടി മാത്രമെ ഇത്തരം അടപ്പുകൾ ഉപയോഗിക്കുന്നുവത്രെ. കോറോം സൗത്ത് വാർഡിലെ പശുവളർത്ത് കേന്ദ്രവും കുട്ടികൾ സന്ദർശിച്ചു. പശു പരിപാലനവും, കറവരീതികളും, പാൽ വിപണനവും സംബന്ധിച്ച വിവരങ്ങൾ കുട്ടികൾ ശേഖരിച്ചു. മുതിയലം, കോറോം സൗത്ത്, പരവന്തട്ട എന്നീ വാർഡുകളിൽ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാമകൃഷ്ണൻ, നഗരസഭ ബിഎംസി കൺവീനർ ബി. വിജയൻ, വാർഡ് കൗൺസിലർമാരായ എം തമ്പാൻ, എൻ വി രാജൻ എന്നിവർ നേതൃത്വം നൽകി.







