സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് കണ്ണൂരിൽ കിക്കോഫ്; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കിനെ നേരിടും

Screenshot
കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് ആവേശകരമായ തുടക്കം. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്.സി. തൃശൂർ മാജിക് എഫ്.സിയെ നേരിടും. രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
കഴിഞ്ഞ സീസണിൽ തൃശൂരിനെ ഫൈനലിലെത്തിച്ച റഷ്യൻ പരിശീലകൻ ആൻഡ്രെ ചെർണിഷോവാണ് ഇത്തവണ കണ്ണൂർ വാരിയേഴ്സിന്റെ മുഖ്യപരിശീലകൻ എന്നത് മത്സരത്തിന്റെ ആവേശം ഇരട്ടയാക്കുന്നുണ്ട്. ഗോൾകീപ്പർ ഹജ്മൽ സക്കീർ, സ്പാനിഷ് താരങ്ങളായ വാരോ അൽവാരോ, അസിയർ ഗോമസ്, ജെറാർഡ് ആർട്ടിഗസ്, ക്യാപ്റ്റൻ ഏണസ്റ്റീൻ ലവ്സാംബ, നിജോ ഗിബേർട്ട് തുടങ്ങി വൻനിര താരങ്ങളാണ് കണ്ണൂരിനായി അണിനിരക്കുന്നത്. മറുവശത്ത്, സ്പാനിഷ് പരിശീലകൻ ഡേവിഡ് കനേഡയുടെ കീഴിലാണ് തൃശൂർ മാജിക് എഫ്.സി. കളത്തിലിറങ്ങുന്നത്.
പ്രവേശനം പ്രത്യേക ഗെയിറ്റിലൂടെ
രാത്രി 8-നാണ് മത്സരമെങ്കിലും വൈകുന്നേരം 6 മുതൽ സ്റ്റേഡിയത്തിൽ സംഗീത പരിപാടികൾക്ക് തുടക്കമാകും. ടിക്കറ്റുള്ളവർക്ക് വൈകുന്നേരം 5 മണി മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള നിർദ്ദേശപ്രകാരമുള്ള ഗെയിറ്റുകൾ വഴി മാത്രമേ കാണികൾ പ്രവേശിക്കാൻ പാടുകയുള്ളൂ:
ഗെയിറ്റ് നമ്പർ 1 (കാർഗിൽ റോഡ്, ഡി.സി.ബി. ബാങ്കിന് എതിർവശം): പ്ലാറ്റിനം സ്റ്റാൻഡ്, പ്രീമിയം ബോക്സ്, വി.വി.ഐ.പി. ബോക്സ്.
ഗെയിറ്റ് നമ്പർ 2: ഫാമിലി സ്റ്റാൻഡ്, എവേ ഫാൻസ്.
ഗെയിറ്റ് നമ്പർ 3: മറൈനേഴ്സ് ഫോർട്ട്.
ഗെയിറ്റ് നമ്പർ 4: ജെനെറൽ സൗത്ത് ഗ്യാലറി.
ഗെയിറ്റ് നമ്പർ 5: ഡയറക്ടേഴ്സ് ബോക്സ്.
ഗെയിറ്റ് നമ്പർ 6 & 7: ഹോസ്പിറ്റാലിറ്റി സ്റ്റാൻഡ്, ബഫ് ടിക്കറ്റ് ഉടമകൾ.







