പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്125 തൊഴിൽ ദിനങ്ങൾ നേടിയ കുടുംബങ്ങളെ ആദരിച്ചു

പയ്യന്നൂർ: പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ 2026-27 വർഷത്തെ വിബിജിറാംജി പദ്ധതിയിൽ ഏറ്റവും ആദ്യം 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ കുടുംബങ്ങളെ ആദരിച്ചു. പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിലെ കുഞ്ഞിക്കണ്ണൻ കെ.വി., ചെറുപുഴ ഗ്രാമപഞ്ചായത്തിലെ രജനി കെ. എന്നിവരുടെ കുടുംബങ്ങളാണ് കണ്ണൂർ ജില്ലയിൽ തന്നെ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി ആദരം ഏറ്റുവാങ്ങിയത്.
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജോയിന്റ് ബി.ഡി.ഒ പ്രദീപൻ വി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ജോയി ഉദ്ഘാടനം നിർവഹിച്ചു.
തൊഴിൽ ഉറപ്പാക്കുന്നതിനൊപ്പം ഗ്രാമീണ കുടുംബങ്ങളുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിൽ പദ്ധതിയുടെ പ്രാധാന്യം ചടങ്ങിൽ ചൂണ്ടിക്കാട്ടി. കൂടുതൽ കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനും പരമാവധി തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ബ്ലോക്ക് എൻജിനീയർ രാഹുൽ കെ. ആർ. നന്ദി പറഞ്ഞു.







