സി.ജെ.പി, ഇടതുപക്ഷ പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കിയ ഉത്തരവ് വിവാദമായി; നടപടി പിൻവലിച്ചു തമിഴ്‌നാട് സർക്കാർ

Screenshot
ചെന്നൈ: ഇടതുപക്ഷ സംഘടനകളും സി.ജെ.പി (കോക്രോച്ച് ജനതപാർട്ടി) യും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് തമിഴ്‌നാട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് വിവാദമായതിനെ തുടർന്ന് പിൻവലിച്ചു. ഓഗസ്ത് 17-നാണ് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും ഇത് സംബന്ധിച്ച നിർദേശം നൽകിയിരുന്നത്.
വിദ്യാർഥികളെയും യുവാക്കളെയും പ്രതിഷേധങ്ങളിൽ നിന്ന് വിലക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നായിരുന്നു കമ്മീഷണർ ഓഫ് കോളേജിയേറ്റ് വിദ്യാഭ്യാസ വകുപ്പ് പോലീസിനും ജില്ലാഭരണകൂടത്തിനും നൽകിയ നിർദേശം. ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങളുയർന്നു. സർക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും യുക്തിരഹിതവുമാണെന്ന് സി.ജെ.പി ദേശീയ കൺവീനർ സൗരവ് ദാസ് പ്രതികരിച്ചു.
അതേസമയം, സർക്കാർ ഉത്തരവിനെ പിന്തുണച്ച് ബി.ജെ.പി രംഗത്തെത്തി. സി.ജെ.പിയും ഇടതുപക്ഷ സംഘടനകളും അനാവശ്യ ബഹളങ്ങളുടെ ഏജന്റുമാരാണെന്നും, പഠനത്തിലും ജോലിയിലും ശ്രദ്ധിക്കേണ്ട വിദ്യാർഥികളെ നേതാക്കൾ വഴിതെറ്റിക്കുകയാണെന്നും ബി.ജെ.പി നേതാവ് വിനോജ് പി. സെൽവം പറഞ്ഞു. രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി ഉത്തരവ് പിൻവലിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതിഷേധങ്ങൾ ശക്തമായതോടെ ഉത്തരവ് പിൻവലിച്ചുകൊണ്ട് സർക്കാർ പുതിയ നിർദേശം പുറത്തിറക്കുകയായിരുന്നു.
ഇതിനിടെ, ഗുജിലിയാംപാറൈ താലൂക്കിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ പേരും വിലാസവും ശേഖരിക്കാൻ ഗുജിലിയാംപാറൈ തഹസിൽദാർ അയ്യസ്വാമി നൽകിയ ഉത്തരവും വലിയ വിവാദമായി. ഓഗസ്ത് 18-ന് വൈകുന്നേരത്തിനുള്ളിൽ വിവരങ്ങൾ സമർപ്പിക്കണമെന്നും, അല്ലാത്തപക്ഷം വില്ലേജ് അസിസ്റ്റന്റുമാർക്കെതിരേ നടപടിയുണ്ടാകുമെന്നുമായിരുന്നു നിർദേശം. ഗ്രാമത്തിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ രാഷ്ട്രീയവത്കരിക്കപ്പെട്ടതാണ് ഈ ഉത്തരവിന് പിന്നിലെന്നാണ് വിവരം. ഇതിനെതിരേ ഇടതുപക്ഷം ശക്തമായ പ്രതിഷേധമുയർത്തിയതോടെ തഹസിൽദാരെ സ്ഥലംമാറ്റിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.










