തലശ്ശേരിയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തലശ്ശേരി: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബുവിനെ (25) ആണ് തലശ്ശേരി ടെമ്പിൾ ഗേറ്റിലെ വനിതാ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
കഴിഞ്ഞ അഞ്ച് വർഷമായി ഇതേ ഹോസ്റ്റലിലാണ് അലീന താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ടാണ് നാട്ടിൽ നിന്ന് ഇവർ തിരികെ ജോലിസ്ഥലത്തേക്ക് എത്തിയത്. വ്യാഴാഴ്ച രാത്രി മുറിയിൽ നിന്ന് പ്രതികരണമൊന്നും ഇല്ലാതായതോടെ മറ്റുള്ളവർ അലീനയെ പലതവണ വിളിച്ചു നോക്കി. വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി തുടർനടപടികൾ സ്വീകരിച്ച് മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശ്ശേരിയിൽ നാല് വർഷത്തെ നഴ്സിങ് പഠനം പൂർത്തിയാക്കിയ അലീന, കഴിഞ്ഞ ഒരു വർഷമായി നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)







