മേയറുടെ ഇടപെടൽ ഫലം കണ്ടു; കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് അണ്ടർപാസ് ഫുട്പാത്ത് ഗതാഗതയോഗ്യമാക്കി

കണ്ണൂർ: പഴയ ബസ് സ്റ്റാൻഡ് അണ്ടർപാസ് വഴി മുനീശ്വരൻ കോവിൽ റോഡിലെ തകർന്ന ഫുട്പാത്ത് സ്ലാബുകൾ മേയർ അഡ്വ. പി. ഇന്ദിരയുടെ ഇടപെടലിനെ തുടർന്ന് അറ്റകുറ്റപ്പണി നിർവ്വഹിച്ച് ഗതാഗതയോഗ്യമാക്കി. സ്ലാബുകൾ തകർന്നുകിടക്കുന്നതിനാൽ മാസങ്ങളായി ഇതുവഴിയുള്ള കാൽനടയാത്ര അതീവ ദുഷ്കരമായിരുന്നു.
പൊതുമരാമത്ത് വകുപ്പിന് (PWD) കീഴിൽ വരുന്ന ഈ സ്ഥലത്തെ സ്ലാബുകൾ നന്നാക്കാത്തതിന്റെ പേരിൽ കോർപ്പറേഷനെ പഴിചാരുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇതേത്തുടർന്ന് മേയർ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പി.ഡബ്ല്യു.ഡി എൻജിനീയറിങ് വിഭാഗത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു. സ്ലാബുകൾ സ്ഥാപിക്കുന്ന പ്രവൃത്തി മേയർ നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിഷാം താണ, സോന ജയറാം എന്നിവരും ഒപ്പമുണ്ടായിരുന്നു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെയും ഫുട്പാത്തുകളുടെയും അറ്റകുറ്റപ്പണി നിർവ്വഹിക്കാത്തത് കാരണം മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും കോർപ്പറേഷൻ ഭരണസമിതി അനാവശ്യമായി പഴി കേൾക്കുകയാണെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് മേയർ കത്ത് നൽകിയിരുന്നു.







