ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണംവീടിന്റെ അടുക്കള ഷെഡ് തകർത്തു

Screenshot
കണ്ണൂർ: ആറളം ഫാമിൽ തുടർച്ചയായ മൂന്നാംദിവസവും വീട്ടിനുനേരേ കാട്ടാനയുടെ ആക്രമണം. പുലർച്ചെ മൂന്നോടെ പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13-ൽ താമസിക്കുന്ന ഗോപാലന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
വീടിനോടുചേർന്ന് ഭക്ഷണം പാകംചെയ്യാനായി നിർമിച്ച ഷെഡ് പൂർണമായും കാട്ടാന തകർത്തു. ആക്രമണം നടക്കുമ്പോൾ വീട്ടിനുള്ളിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു. പുറത്തിറങ്ങാത്തതിനാൽ അപകടം ഒഴിവായി. പുരയിടത്തിലെ വാഴ ഉൾപ്പെടെയുള്ള വിളകളും കാട്ടാന നശിപ്പിച്ചു. മൂന്ന് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിന് ഇരയാകുന്ന മൂന്നാമത്തെ വീടാണിത്. തുടർച്ചയായ ആക്രമണങ്ങൾ പ്രദേശവാസികളിൽ കടുത്ത ആശങ്കയും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്.
ആറളം ആർ.ആർ.ടി. ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി നഷ്ടങ്ങൾ വിലയിരുത്തി. ഫാമിലും പുനരധിവാസ മേഖലയിലും പകലും രാത്രിയും വ്യത്യാസമില്ലാതെ കാട്ടാനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
നിലവിൽ 20 മുതൽ 30 വരെ കാട്ടാനകൾ ഫാമിലെ ജനവാസമേഖലയോട് ചേർന്ന് തമ്പടിച്ചിരിക്കുകയാണ്. വനപാലകർ ആനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവ വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങിയെത്തുകയാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി ശാശ്വത പരിഹാര നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.







