LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 21, 2026

മുണ്ടയാട് എളയാവൂര്‍ സര്‍വീസ് റോഡ്; എം.എൽ.എയും കളക്ടറുമുൾപ്പെട്ട സംഘം സന്ദര്‍ശിച്ചു

0
14042c85-8550-48de-940a-72f77125ff58
Spread the love

ദേശീയപാത മുണ്ടയാട് എളയാവൂര്‍ കിഴുത്തുള്ളി ബൈപ്പാസില്‍ സര്‍വീസ് റോഡില്ലാത്തതിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ അഡ്വ. ടി.ഒ.മോഹനന്‍ എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ പി.വിഷ്ണുരാജിന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. മുണ്ടയാട് ജേണലിസ്റ്റ് കോളനി മുതല്‍ കിഴുത്തള്ളി വരെയുള്ള ഭാഗങ്ങളില്‍ ഇരുവശത്തും നാല് കിലോമീറ്ററോളം ഭാഗത്ത് സര്‍വീസ് റോഡ് നിര്‍മ്മിക്കണമെന്ന് ടി.ഒ. മോഹനന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിനായുള്ള സ്ഥലം പലയിടങ്ങളിലും ഏറ്റെടുത്തിട്ടുണ്ടെങ്കിലും നിര്‍മ്മാണം തുടങ്ങിയിട്ടില്ല. ഇതുവഴി സര്‍വീസ് റോഡുകള്‍ യാഥാര്‍ത്ഥ്യമാക്കിയാല്‍ ഈ പ്രദേശങ്ങളിലെ നാട്ടുകാര്‍ക്ക് മാത്രമല്ല തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ നഗരത്തിലേക്ക് എത്തുന്നവര്‍ക്കും ഗുണകരമാകുമെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി.

മേലെചൊവ്വ മുതല്‍ കണ്ണൂരിലേക്കുള്ള ഗതാഗതക്കുരുക്കുകള്‍ സര്‍വീസ് റോഡ് യാഥാര്‍ത്ഥ്യമാക്കിയാല്‍ പാടെ കുറയും. ദേശീയപാത ഇതുവഴി വന്നതോടെ സര്‍വീസ് റോഡില്ലാത്തതിനാല്‍ മുന്നൂറോളം കുടുംബങ്ങള്‍ ഇവിടെ മാത്രം ഒറ്റപ്പെടുകയാണെന്നും തങ്ങളുടെ പ്രതിസന്ധികള്‍ വിവരിച്ചു പ്രദേശവാസികള്‍ പറഞ്ഞു. മുണ്ടയാട് ജേണലിസ്റ്റ് കോളനിക്ക് സമീപം സര്‍വീസ് റോഡായി ഉപയോഗിക്കാന്‍ പറ്റുന്ന പാത കുറച്ച് ഭാഗം നിലവിലുണ്ട്. ഇത് വീതികൂട്ടി എളയാവൂര്‍ അടിപ്പാതയിലേക്ക് യോജിപ്പിക്കാന്‍ കഴിയും. ഇരുഭാഗത്തും ഇതിനായി ഏറ്റെടുത്ത സ്ഥലത്ത് കൂടി എളുപ്പത്തില്‍ സര്‍വീസ് റോഡ് നിര്‍മ്മിക്കാന്‍ കഴിയുമെങ്കിലും നടപടികള്‍ തുടങ്ങിയിട്ടില്ല, നാട്ടുകാർ പറഞ്ഞു.

ദേശീയപാത നിര്‍മ്മാണം തുടങ്ങിയത് മുതല്‍ അഞ്ചുവര്‍ഷമായി സര്‍വീസ് റോഡില്ലാത്തതിനാല്‍ പാതയോരത്തുളള പ്രദേശവാസികള്‍ ബുദ്ധിമുട്ടുകയാണ്. ഇതിന് പരിഹാരമായി സര്‍വീസ് റോഡ് നിര്‍മ്മാണം ഉടന്‍ തുടങ്ങാനുള്ള തീരുമാനമുണ്ടാകമെന്ന് ദേശീയപാത നിര്‍മ്മാണ അതോറിറ്റിക്ക് ടി.ഒ.മോഹനന്‍ എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. മഴക്കാലം തുടങ്ങിയതോടെ ഇവിടെ പലയിടങ്ങളിലും സര്‍വീസ് റോഡായി ഉപയോഗിക്കുന്ന വിധത്തില്‍ നിര്‍മ്മിച്ച മണ്‍പാതകളില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇതു വഴി വീടുകളിലേക്കും മറ്റും വാഹനങ്ങള്‍ പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇതിന് താല്‍ക്കാലികമായെങ്കിലും അടിയന്തിര പരിഹാരം കാണണം. സര്‍വീസ് റോഡ് നിര്‍മ്മിക്കുന്നതിലൂടെ ഇപ്പോള്‍ ഗതാഗത തടസ്സമുള്ള വീട്ടുകാര്‍ക്കും വാഹനസൗകര്യമുള്ള പാത ഉറപ്പാക്കണം, എം.എൽ.എ പറഞ്ഞു.

ദേശീയപാത തങ്കേക്കുന്ന് മുട്ടോളം പാറയിലും സംയുക്ത സംഘം നേരിട്ട് സന്ദര്‍ശിച്ചു. ദേശീയപാത തുറന്നുകൊടുക്കുന്നതിനൊപ്പം സര്‍വീസ് റോഡില്ലാത്തതിന്റെ പേരിലുള്ള നാടിന്റെ ആശങ്കകളും പരിഹരിക്കപ്പെടണമെന്ന് ജനകീയ കര്‍മ്മ സമിതി ഭാരവാഹികൾ എം.എല്‍.എ യും ജില്ലാകളക്ടറുമടങ്ങിയ സംയുക്ത സംഘത്തിനോട് ആവശ്യപ്പെട്ടു.

അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി, എല്‍.എ ഡെപ്യൂട്ടികളക്ടര്‍ എ.കെ അനീഷ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.കെ സുബൈര്‍, ദേശീയപാത അതോറിറ്റി കേരള ഡിവിഷന്‍ പ്രൊജക്ട് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഗ്, സൈറ്റ് എഞ്ചിനീയര്‍ ഹരികേഷ് മിശ്ര, ദേശീയ പാത നിര്‍മ്മാണ കരാര്‍ വിഭാഗം വിശ്വസമുദ്ര പ്രൊജക്ട് മാനേജര്‍ കെ ചക്രപാണി, സൈറ്റ് എഞ്ചിനീയര്‍ എ.ജി.ശ്യാംലാല്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!