കണ്ണാടിപ്പറമ്പിൽ മോഷണ പരമ്പര; ബേക്കറിയുടെ ഭിത്തി തുരന്ന് കള്ളൻ കയറി

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ്, പുല്ലൂപ്പി ഭാഗങ്ങളിൽ മോഷണ പരമ്പര തുടരുന്നു. പുല്ലൂപ്പിയിലെ തനിമ ബേക്കറിയുടെ ഭിത്തിയിൽ വലിയ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. ഇതിന് പുറമെ കണ്ണാടിപ്പറമ്പ് ആറാം പീടികയിലെ രണ്ട് കടകളിലും, പാറപ്പുറത്തെ ഒരു കടയിലുമാണ് കള്ളൻ കയറിയത്.
വിവരമറിഞ്ഞതിനെ തുടർന്ന് മയ്യിൽ പോലീസ് എസ്.ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത്, ഗ്രാമപഞ്ചായത്ത് അംഗം നൗഫൽ പുല്ലൂപ്പി, വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ് എക്സിക്യൂട്ടീവ് മെമ്പർ അഷ്‌റഫ് ടി.കെ എന്നിവർ മോഷണം നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു.
പ്രദേശത്ത് മോഷണം പതിവാകുകയാണ്. കഴിഞ്ഞ ദിവസം പുല്ലുപ്പി കോട്ടഞ്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലും രാത്രി ഒരു മണിയോടെ ഭണ്ഡാരം തകർത്ത് കവർച്ചാ ശ്രമം നടന്നിരുന്നു. ഇതിന് പുറമെ പുല്ലൂപ്പിയിലെ ഒരു ക്വാർട്ടേഴ്സിൽ നിന്നും 13,000ത്തോളം രൂപ മോഷണം പോയതായും വിവരമുണ്ട്. പ്രദേശത്ത് തുടർച്ചയായുണ്ടാകുന്ന ഇത്തരം മോഷണങ്ങൾ തടയാൻ പോലീസ് നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.







