വളപട്ടണം പാലത്തിന് സമീപം മാലിന്യം തള്ളി: കുറ്റക്കാർക്കെതിരെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടപടി; 15,000 രൂപ പിഴ ചുമത്തി

പാപ്പിനിശ്ശേരി :
പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി 15,000 രൂപ പിഴ ചുമത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ വളപട്ടണം പാലത്തിന് സമീപം റോഡരികിലാണ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് സംഘം പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടതും കുറ്റക്കാരെ കണ്ടെത്തിയതും. തുടർന്ന് പഞ്ചായത്ത് രാജ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റക്കാർക്ക് 15,000 രൂപ പിഴ ചുമത്തുവാൻ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി. ഇതോടൊപ്പം തള്ളിയ മാലിന്യങ്ങൾ കുറ്റക്കാരെക്കൊണ്ട് തന്നെ സ്ഥലത്തുനിന്ന് പൂർണ്ണമായും നീക്കം ചെയ്യിക്കുകയും ചെയ്തു.
പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നിയമനടപടികൾ തുടരുമെന്നും, വളപട്ടണം പാലവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരീക്ഷണവും പരിശോധനകളും ശക്തമാക്കുമെന്നും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു.
പരിശോധനയ്ക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി.പി., ടീം അംഗങ്ങളായ ജിഷ്ണുരാജ്, ദിബിൽ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സുമിൽ എന്നിവർ പങ്കെടുത്തു .







