സെൻസസ്സ്: പ്രവാസികളുടെ ആശങ്ക ദൂരീകരിക്കണം: അഡ്വ. കരീം ചേലേരി

Screenshot
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന 2027 സെൻസസിന്റെ ചോദ്യാവലിയിൽ വിദേശത്ത് താൽക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള വ്യക്തമായ സംവിധാനം ഇല്ലെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഇത് പരിഹരിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.
തൊഴിൽ അവസരങ്ങളുടെ പരിമിതികൾ കാരണം അനേകം ഇന്ത്യക്കാർ, പ്രത്യേകിച്ച് കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾ, വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുകയാണ്. എന്നാൽ അവർ ആ രാജ്യങ്ങളിലെ സ്ഥിരതാമസക്കാരല്ല; ഇന്ത്യൻ പൗരന്മാരായി സ്വന്തം കുടുംബവുമായും രാജ്യവുമായും ശക്തമായ ബന്ധം നിലനിർത്തിക്കൊണ്ടാണ് അവർ ജീവിക്കുന്നത്.
പല കുടുംബങ്ങളിലും കുടുംബനാഥൻ, ഭർത്താവ്, ഭാര്യ, മക്കൾ എന്നിവരിൽ ഒരാളോ അതിലധികമാളുകളോ വിദേശത്തായതിനാൽ അവരുടെ എണ്ണം കുടുംബത്തിന്റെ ജനസംഖ്യയിൽ ഉൾപ്പെടുന്നില്ല. ഇതുമൂലം രാജ്യത്തിന്റെ യഥാർത്ഥ ജനസംഖ്യ കണക്കുകളിൽ പ്രതിഫലിക്കാതെ പോകുകയും, ഭാവിയിലെ വികസന പദ്ധതികൾ, വിഭവ വിനിയോഗം, ക്ഷേമപദ്ധതികൾ, അടിസ്ഥാനസൗകര്യ വികസനം എന്നിവയെല്ലാം അപൂർണ്ണമായ കണക്കുകളുടെ അടിസ്ഥാനത്തിൽ രൂപപ്പെടാനുള്ള സാധ്യത ഉണ്ടാകുകയും ചെയ്യും.
വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാർ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്നവരാണ്. അവരുടെ അധ്വാനഫലമായി രാജ്യത്തേക്ക് എത്തുന്ന വിദേശനാണ്യം ദേശീയ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നു. അതിനാൽ അവരുടെ സാന്നിധ്യം സെൻസസ് രേഖകളിൽ നിന്ന് ഒഴിവാക്കുന്നത് യാഥാർത്ഥ്യത്തോട് നീതി പുലർത്തുന്നതല്ല എന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു
അതിനാൽ, വിദേശത്ത് താൽക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണവും അടിസ്ഥാന വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തുന്നതിനായി 2027-ലെ സെൻസസ് ചോദ്യാവലിയിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.







