കാറ്റിൽ മരങ്ങൾ കടപുഴകി; വൈദ്യുതി മുടങ്ങി ഗതാഗതം തടസ്സപ്പെട്ടു

പയ്യന്നൂർ: ഇന്ന് പുലർച്ചെയുണ്ടായശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധം താറുമാറായി. ഗതാഗതം സ്തംഭിച്ചു.വെള്ളൂർ, കിഴക്കുമ്പാട് പ്രദേശങ്ങളിലാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്.
ഇന്ന് പുലർച്ചെ രണ്ടോടെയുണ്ടായ ശക്തമായ കാറ്റിലാണ് മരങ്ങൾ കടപുഴകി റോഡിൽ വീണത്. ഇതോടെ റോഡ് ഗതാഗതവും എച്ച്.ടി, എൽ. ടി. ലൈനുകളിലൂടെയുള്ള വൈദ്യുതി പ്രസരണം തകരാറിലായി. പയ്യന്നൂർ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് റോഡിന്റെ പല ഭാഗങ്ങളിലായ് കടപുഴകി വീണ മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
കാങ്കോൽ കൊളേക്കര പാലത്തിനടുത്ത് യു ബിസി കമ്പനിയുടെ ഒരു ഭാഗത്തെ മേൽക്കൂര കാറ്റിൽ പറന്ന് റോഡിൽ പതിച്ചതിനാൽ പാലം വരെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വിവിധ സ്ഥലങ്ങളിലായി രണ്ട് യൂണിറ്റ് സേനാംഗങ്ങളാണ് രണ്ട് മണിക്കൂർ കൊണ്ട് മരങ്ങൾ മുറിച്ച് നീക്കം ചെയ്ത് ഗതാഗത തടസ്സം നീക്കിയത്.







