ലോകകപ്പ് പ്രീക്വാർട്ടർ ആവേശത്തിലേക്ക് കണ്ണൂർ; ജവഹർ സ്റ്റേഡിയത്തിൽ ഫാൻ പാർക്ക് ഒരുങ്ങി, നാളെ മുതൽ കളി കാണാം!

കണ്ണൂർ: ലോകകപ്പ് പ്രീക്വാർട്ടർ മത്സരങ്ങളുടെ ആവേശത്തിൽ കണ്ണൂർ. ഫുട്ബോളിനെ അതിരറ്റ് സ്നേഹിക്കുന്ന കണ്ണൂർ ജനതയ്ക്കായി കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ജവഹർ സ്റ്റേഡിയത്തിൽ അത്യാധുനിക ഫാൻ പാർക്ക് ഒരുങ്ങി. ഫുട്ബോൾ മത്സരങ്ങൾ വലിയ സ്ക്രീനിൽ ആസ്വദിക്കാനുള്ള സൗകര്യമാണ് കോർപ്പറേഷൻ ഇതിലൂടെ ഒരുക്കുന്നത്.
തുടക്കത്തിൽ പയ്യാമ്പലം ബീച്ചിൽ ഫാൻ പാർക്ക് സംഘടിപ്പിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും, മഴയും ബീച്ചിലെ കരയിടിച്ചിലും പ്രതികൂലമാകുമെന്ന് കണ്ടതിനാലാണ് വേദി ജവഹർ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. നാളെ (ശനി) രാത്രി 10:30-ന് ആരംഭിക്കുന്ന കാനഡ-മൊറോക്കോ മത്സരം മുതൽ ഫൈനൽ വരെയുള്ള എല്ലാ കളികളും ഇവിടെ സൗജന്യമായി വീക്ഷിക്കാം.
ഫാൻ പാർക്കിന്റെ പ്രത്യേകതകൾ:
ഒരേസമയം 2,500 ഓളം പേർക്ക് മത്സരം കാണാൻ സാധിക്കുന്ന ആധുനിക ജർമൻ പന്തൽ സംവിധാനം ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.
കേരളത്തിലെ തന്നെ ഏറ്റവും വലിയ എൽഇഡി സ്ക്രീനായ 400 ചതുരശ്ര അടി വലിപ്പമുള്ള സ്ക്രീനും ഉന്നത നിലവാരത്തിലുള്ള ശബ്ദ സംവിധാനവും സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
ഫാൻ പാർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട എംപി ശ്രീ കെ. സുധാകരൻ നിർവഹിക്കും. മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.






