മലിനജലം ഒഴുക്കിവിട്ടു; ചെറുപുഴയിലെ ഹോട്ടലിന് 10,000 രൂപ പിഴ

ചെറുപുഴ: മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിട്ടതിന് ചെറുപുഴയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ‘ഗ്രീൻ പാർക്കിന്’ 10,000 രൂപ പിഴ ചുമത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് (ത.സ്വ.ഭ.വ) ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഹോട്ടലിന്റെ പിൻഭാഗത്തെ മലിനജല ടാങ്ക് നിറഞ്ഞ് മലിനജലം കവിഞ്ഞൊഴുകുന്നതായും, പരിസരത്ത് കെട്ടിക്കിടക്കുന്ന മലിനജലം രൂക്ഷമായ ദുർഗന്ധം പരത്തുന്നതായും സ്ക്വാഡ് കണ്ടെത്തി. പരിശോധനയ്ക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് ടാങ്ക് കവിഞ്ഞൊഴുകിയതെന്ന് ജീവനക്കാർ വാദിച്ചെങ്കിലും സ്ക്വാഡ് നടപടി സ്വീകരിക്കുകയായിരുന്നു.
ഉടനടി മലിനജലം നീക്കം ചെയ്യാനും, ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിനായി എസ്.ടി.പി (STP) സംവിധാനം ഹോട്ടലിൽ ഉടൻ സജ്ജമാക്കാനും സ്ക്വാഡ് നിർദ്ദേശം നൽകി. പിഴ ഈടാക്കിയതിന് പുറമെ, തുടർനടപടികൾക്കായി ചെറുപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്ക്വാഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ക്വാഡ് ലീഡർ അഷ്‌റഫ് പി.പി., അംഗങ്ങളായ അലൻ ബേബി, ദിബിൽ സി.കെ., ചെറുപുഴ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജോബിൻ ജോർജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.








