വ്യാപാരികൾക്കും സാധാരണക്കാർക്കും ആശ്വാസം; രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുത്തനെ കുറഞ്ഞേക്കും

Screenshot
ന്യൂഡൽഹി: വിലക്കയറ്റത്തിൽ വലയുന്ന രാജ്യത്തെ വ്യാപാരികൾക്കും ഹോട്ടൽ-റെസ്റ്റോറന്റ് ഉടമകൾക്കും വലിയൊരു ആശ്വാസവാർത്ത. രാജ്യത്ത് വാണിജ്യ പാചകവാതക (LPG) സിലിണ്ടറുകളുടെ വില കുത്തനെ കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കം. സിലിണ്ടറൊന്നിന് 500 മുതല്‍ 700 രൂപ വരെ വില കുറഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചർച്ച നടത്തിക്കഴിഞ്ഞു. അടുത്തമാസം ഒന്നാം തീയതി തന്നെ പുതിയ വില പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വാണിജ്യ സിലിണ്ടറിനൊപ്പം ഗാർഹിക സിലിണ്ടർ വിലയിലും മാറ്റം വരുമെന്നാണ് സൂചന.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധിയാണ് അടുത്തിടെ വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വില കുതിച്ചുയരുന്നതിനും കാരണമായത്. എന്നാൽ ഹോർമുസിലെ നിലവിലെ സാഹചര്യങ്ങളിൽ അയവുവന്നതാണ് വില കുറയ്ക്കാനുള്ള പെട്ടെന്നുള്ള നടപടിക്ക് പിന്നിൽ. ഇതിനുപുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള എല്‍.പി.ജി ശേഖരം കപ്പലുകളിലും കണ്ടെയ്നറുകളിലുമായി രാജ്യത്തിന്റെ വിവിധ തീരങ്ങളില്‍ എത്തിച്ചേർന്നിട്ടുമുണ്ട്.
ആവശ്യത്തിന് എല്‍.പി.ജി ലഭ്യത രാജ്യത്ത് ഉറപ്പായ പശ്ചാത്തലത്തിലാണ് വിതരണം പഴയപടിയാക്കാന്‍ സർക്കാർ എണ്ണക്കമ്പനികൾക്ക് അടിയന്തര നിര്‍ദേശം നൽകിയത്. വാണിജ്യ എൽ.പി.ജി വിതരണത്തിലെ നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വില കുറയുന്നതോടെ രാജ്യത്തെ വാണിജ്യ എല്‍.പി.ജി വിതരണം അതിവേഗം സാധാരണ നിലയിലാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.









