തെറ്റുതിരുത്താൻ സി.പി.എമ്മിനാവില്ല; എം.വി. ഗോവിന്ദൻ പറയുന്നത് യാഥാർഥ്യവിരുദ്ധമെന്ന് ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

Screenshot
കണ്ണൂർ: തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ അവലോകനവും തുറന്നുപറച്ചിലും യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്ന് എം.എൽ.എമാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും. കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഇരുവരും കടുത്ത വിമർശനം ഉന്നയിച്ചത്. സ്വജനപക്ഷപാതത്തിൽ നിന്നും പാർലമെന്ററി മോഹങ്ങളുടെ ജീർണതയിൽ നിന്നും പുറത്തുവരാനോ, പറ്റിയ പിശക് അംഗീകരിക്കാനോ സംസ്ഥാന കമ്മിറ്റിക്കും സെക്രട്ടറിക്കും കഴിയുന്നില്ലെന്ന് ഇരുവരും കുറ്റപ്പെടുത്തി.
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവിക്ക് കാരണം ജില്ലാ കമ്മിറ്റിയല്ല. സ്ഥാനാർത്ഥികളെ സംസ്ഥാന നേതൃത്വം അടിച്ചേൽപ്പിക്കുകയായിരുന്നു. പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെ സ്ഥാനാർത്ഥിയാക്കരുതെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയർന്നിരുന്നു. തളിപ്പറമ്പിലും ഭൂരിഭാഗം പേരും നിശ്ചയിച്ച സ്ഥാനാർത്ഥിയെ എതിർത്തിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിക്കാണെന്ന് സംസ്ഥാന സെക്രട്ടറി പറയുന്നത് ശരിയല്ലെന്നും അത് വഞ്ചനയാണെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. പാർട്ടി അണികളെ കേട്ടതിന് ശേഷമുള്ള അവലോകനമല്ല നടന്നതെന്നും, തെറ്റുതിരുത്തൽ എന്നത് കേവലം നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിന് ബി.ജെ.പിയുമായി ഡീലുണ്ടെന്ന സംശയം ജനങ്ങൾക്കുണ്ട്. പി.എം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ അറിയാതെ ഉദ്യോഗസ്ഥർ ഒപ്പിടില്ല. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് ന്യൂനപക്ഷങ്ങളെ അകറ്റിയെന്നും മതനിരപേക്ഷത മറന്നതാണ് പരാജയ കാരണമെന്നും ടി.കെ. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. തളിപ്പറമ്പിൽ മുൻ എം.എൽ.എ കൊണ്ടുവന്ന ഹാപ്പിനെസ് ഫെസ്റ്റ് തുടരും. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സഫാരി പാർക്ക് പദ്ധതി മറ്റൊരു രൂപത്തിൽ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പയ്യന്നൂരിൽ എം.എൽ.എ ഓഫീസ് തുറന്നുപ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. പ്രചാരണ ബോർഡുകൾ തകർത്തു, ചുമരെഴുത്തുകൾ മായ്ച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ ഓഫീസ് തുറക്കുന്നത് തടസ്സപ്പെടുത്തുകയും കെട്ടിട ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പയ്യന്നൂർ ഫണ്ട് വിവാദം കൈകാര്യം ചെയ്യുന്നതിൽ സി.പി.എം നേതൃത്വത്തിന് തെറ്റുപറ്റി. ജനങ്ങളിൽ നിന്നും പിരിച്ച തുകയുടെ കണക്ക് ആരോടും പറയേണ്ടതില്ലെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വാർത്താസമ്മേളനം അണികളിൽ വലിയ തെറ്റിദ്ധാരണയും എതിർപ്പും ഉണ്ടാക്കിയെന്നും വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.







