പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാനെതിരെ അമേരിക്കൻ വ്യോമാക്രമണം, ഹോർമുസ് കടലിടുക്ക് അടച്ചെന്ന് ഇറാൻ

Screenshot
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം. ഇറാന്റെ പ്രധാന ഊർജ്ജ മേഖല ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ സൗത്ത് പാർസിലെ പെട്രോ കെമിക്കൽ പ്ലാന്റ് തകർത്തു. യു.എസ് സൈനിക ഹെലികോപ്റ്റർ ആക്രമിച്ചതിനുള്ള മറുപടിയാണ് ഇതെന്ന് പെന്റഗൺ വ്യക്തമാക്കി. ആവശ്യമെങ്കിൽ ബോംബുകൾ ഉപയോഗിച്ചാകും ഇനി ചർച്ചയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ സൈന്യം പ്രഖ്യാപിച്ചു.
സമാധാന കരാറിലെത്താനുള്ള ചർച്ചകളിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒത്തുതീർപ്പിനായി ഖത്തർ പ്രതിനിധി സംഘവുമായുള്ള ഇറാന്റെ ചർച്ചകൾ തുടരുന്നതിനിടയിലാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറാന്റെ രണ്ട് ജലസംഭരണികൾക്ക് നേരെയും അമേരിക്ക ആക്രമണം നടത്തിയിരുന്നു. ബോംബാക്രമണം നിർത്തണമെന്ന് ഇറാനിയൻ പ്രതിനിധികൾ തന്നോട് ആവശ്യപ്പെട്ടതായും ഇറാനിയൻ ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിച്ചതായും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ബലപ്രയോഗത്തിലൂടെ കരാറിൽ എത്തിച്ചേരാനാവില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി പ്രതികരിച്ചു. അമേരിക്കയുടെ ഭീഷണികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ ആക്രമിച്ചതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് അറിയിച്ചിട്ടുണ്ട്. എന്നാൽ കടലിടുക്ക് പൂർണ്ണമായും അടച്ചുവെന്ന ഇറാന്റെ അവകാശവാദം യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) തള്ളി. വാണിജ്യ കപ്പലുകൾ സുഗമമായി കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അമേരിക്കയുടെ വിശദീകരണം.









