ബെന്നി തോമസിൻ്റെ നിയമനം ഡിസിസി നിർദ്ദേശ പ്രകാരം; വിവാദത്തിൽകഴമ്പില്ല : അഡ്വ മാർട്ടിൻ ജോർജ്

Screenshot
കണ്ണൂർ : മന്ത്രി സണ്ണി ജോസഫിൻ്റെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ ഉയർത്തുന്ന വിവാദത്തിൽ യാതൊരു കഴമ്പുമില്ലെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ്. താഴേതലം മുതൽ പതിറ്റാണ്ടുകളോളം പ്രവർത്തിച്ച് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തുന്ന ബെന്നി തോമസിനെ ഡിസിസി നിർദ്ദേശ പ്രകാരമാണ് മന്ത്രിയുടെ സ്റ്റാഫിലെടുത്തത്. യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റായും പിന്നീട് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റായും സേവാദൾ ചെയർമാനായും പ്രവർത്തിച്ച് നിലവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയെന്ന നിലയിൽ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ മുഴുവൻ സമയം സജീവമായ ബെന്നി തോമസ് സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡിസിസി നിർദ്ദേശപ്രകാരം കൃത്യമായ ഇടപെടലുകൾ നടത്തുന്ന ഭാരവാഹിയാണ്. അദ്ദേഹത്തെ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന ഡിസിസിയുടെ നിർദ്ദേശമാണ് നടപ്പിലായത്.
കണ്ണൂരിലെ മലയോര കുടിയേറ്റ മേഖലയിൽ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനായ അദ്ദേഹം, ജനങ്ങളുമായി നിരന്തരം ഇടപഴകുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സജീവ സാന്നിധ്യമായി നിലകൊള്ളുകയും ചെയ്യുന്ന വ്യക്തിയാണ്. പാർട്ടിയുടെ വളർച്ചയ്ക്കും സംഘടനാ ശക്തിപ്പെടുത്തലിനും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് ഇത്തരമൊരു അംഗീകാരം ലഭിച്ചിട്ടുള്ളത്.
അല്ലാതെ മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുവാണെന്ന കാരണത്താലല്ല ബെന്നി തോമസിനെ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. ബെന്നി തോമസിൻ്റെ ദീർഘകാല രാഷ്ട്രീയ-സംഘടനാ പ്രവർത്തന പരിചയം പരിഗണിച്ചാണ് ഇത്തരമൊരു നിർദ്ദേശം ഡിസിസി നൽകിയതെന്നും ഇതുസംബന്ധിച്ച് ഉയരുന്ന വിവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മാർട്ടിൻ ജോർജ് വ്യക്തമാക്കി.







