പിണറായിയുടെയും റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്,വീണയെ ചോദ്യം ചെയ്യുന്നു, സിപിഎം പ്രതിഷേധം

Screenshot
തിരുവനനന്തപുരം/കണ്ണൂർ: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു.
എക്‌സാലോജിക് -സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിവരം. സിഎംആർഎല്ലുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ റെയ്ഡ് നടത്തുന്നുണ്ട്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലടക്കം ഇഡി സംഘം റെയ്ഡ് നടത്തി വരികയാണ്.
പിണറായിയുടെ തിരുവനന്തപുരത്തുള്ള വാടക വീട്ടിലും കണ്ണൂർ പിണറായിയിലെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. പിണറായി വിജയനും മകൾ വീണാ വിജയനുൾപ്പടെയുള്ളവരും തിരുവനന്തപുരത്തെ വീട്ടിലാണ് ഉള്ളത്. രാവിലെ ആറ് മണിക്ക് കണ്ണൂരിലെ വീട്ടിലേക്ക് ഇഡി ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് കെയർടേക്കറെ വിളിച്ച് വരുത്തി തുറപ്പിക്കുകയായിരുന്നു. പിന്നാലെ സിപിഎം പ്രവർത്തകർ ഇങ്ങോട്ടേക്കെത്തി. വീടിന് മുന്നിൽ പ്രതിഷേധം നടക്കുന്നുണ്ട്. കോഴിക്കോടും സിപിഎം പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിളിച്ചിട്ടുണ്ട്.
റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിലാണ് റെയ്ഡ്. രാവിലെ ആറരയോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. മുഹമ്മദ് റിയാസ് കോഴിക്കോട്ടെ വീട്ടിൽ ഉണ്ടായിരുന്നില്ല.
എക്‌സാലോജിക്-സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ.) കേസിൽ ഇ.ഡി.യുടെ അന്വേഷണവും സമൻസുമെല്ലാം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ്, ആലുവയിലെ സിഎംആർഎൽ ഓഫീസ്, കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകൾ എന്നിവ കേന്ദ്രീകരിച്ചും റെയ്ഡുണ്ട്.
കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച സിഎംആർഎല്ലിനെതിരായ ആരോപണങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സലോജിക് എന്ന സ്ഥാപനത്തിന് സിഎംആർഎൽ വൻതുക നിയമവിരുദ്ധമായി നൽകിയെന്നതാണ് പ്രധാന ആരോപണം.







