സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളിൽ പുതിയ കളക്ടർമാർ, പി. വിഷ്ണുരാജ് കണ്ണൂർ കളക്ടർ

Screenshot
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ആറ് ജില്ലകളിലെ കളക്ടർമാരെ മാറ്റി നിയമിച്ചു. വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന പി. വിഷ്ണുരാജാണ് കണ്ണൂർ ജില്ലയുടെ പുതിയ കളക്ടർ. ആകെ 14 സിവിൽ സർവീസ് ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്ക് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. പുതിയതായി നിയമിക്കപ്പെട്ടവർ തിങ്കളാഴ്ച (25/05/2026) ചുമതലയേൽക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
കണ്ണൂർ കളക്ടറായിരുന്ന അരുൺ കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. കെ.എസ്.ഐ.ഡി.സിയുടെ മാനേജിങ് ഡയറക്ടർ ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
മറ്റു ജില്ലകളിലെ പുതിയ കളക്ടർമാർ:
കോഴിക്കോട്: പാലക്കാട് ജില്ലാ കളക്ടറായിരുന്ന എം.എസ്. മാധവിക്കുട്ടിയെ കോഴിക്കോട് കളക്ടറായി നിയമിച്ചു (കോഴിക്കോട് കളക്ടറായിരുന്ന സ്നേഹിൽ കുമാർ സിങ്ങിനെ പുതിയ എൻട്രൻസ് കമ്മീഷണറായി നിയമിച്ചു).
പാലക്കാട്: കോളീജിയറ്റ് എജുക്കേഷൻ ഡയറക്ടർ കെ. സുധീറാണ് പുതിയ പാലക്കാട് കളക്ടർ.
ആലപ്പുഴ: കൊച്ചിൻ സ്മാർട്ട് മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഷാജി വി. നായരാണ് പുതിയ ആലപ്പുഴ കളക്ടർ (ആലപ്പുഴ കളക്ടറായിരുന്ന കെ. ഇമ്പശേഖറിനെ വാട്ടർ അതോറിറ്റി എം.ഡിയായി നിയമിച്ചു).
പത്തനംതിട്ട: കില ഡയറക്ടറായ എ. നിസാമുദ്ദീനാണ് പത്തനംതിട്ടയിലെ പുതിയ കളക്ടർ (പത്തനംതിട്ട കളക്ടറായ എസ്. പ്രേം കൃഷ്ണനെ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയാക്കി).
കൊല്ലം: വ്യവസായ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായ ആനി ജൂല തോമസാണ് പുതിയ കൊല്ലം ജില്ലാ കളക്ടർ (കൊല്ലം കളക്ടറായിരുന്ന എൻ. ദേവിദാസിനെ കില ഡയറക്ടറായി നിയമിച്ചു).
മറ്റ് പ്രധാന നിയമനങ്ങൾ:
ചീഫ് ഇലക്ട്രൽ ഓഫീസറായ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഗതാഗത വകുപ്പിൽ സ്‌പെഷൽ സെക്രട്ടറിയായ പി.ബി. നൂഹിനെ പുതിയ ജി.എസ്.ടി കമ്മീഷണറാക്കി. ജി.എസ്.ടി കമ്മീഷണറായിരുന്ന പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. ആലപ്പുഴ സബ് കളക്ടർ സമീർ കിഷനെ വ്യവസായ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.
മാറ്റം ലഭിച്ച ജില്ലാ കളക്ടർമാരിൽ എം.എസ്. മാധവിക്കുട്ടിക്ക് മാത്രമാണ് മറ്റൊരു ജില്ലയിൽ (കോഴിക്കോട്) കളക്ടറായി നിയമനം ലഭിച്ചത്. ബാക്കി അഞ്ചുപേർക്കും വിവിധ വകുപ്പുകളിലേക്കാണ് മാറ്റം.








