അഞ്ചുവയസ്സുകാരിയെ താഴേക്ക് എറിഞ്ഞ ശേഷം യുവതി ജീവനൊടുക്കി

Screenshot
- പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്
—
ഷാർജ: ഷാർജ അൽ നഹ്ദയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ കണ്ണൂർ അഴീക്കോട് സ്വദേശിയായ യുവതിയും അഞ്ചുവയസ്സുകാരിയായ മകളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 32 നിലകളുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് ആദ്യം മകളെ താഴേക്ക് എറിഞ്ഞ ശേഷമാണ് 35കാരിയായ അമ്മ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. പാർക്കിങ് നിലകളും ജിംനേഷ്യവും ഉൾപ്പെടെ കണക്കാക്കുമ്പോൾ ഏകദേശം 22 നിലകളുടെ ഉയരത്തിൽ നിന്നാണ് ഇരുവരും താഴേക്ക് പതിച്ചതെന്ന് ദൃക്സാക്ഷികളും കെട്ടിട ജീവനക്കാരും അറിയിച്ചു.
യുവതി ഭർത്താവ് നിഹിലിനൊപ്പം ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപമുള്ള ഫ്ലാറ്റിലായിരുന്നു താമസം. ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു യുവതി. നിഹിലിന്റെ പിതാവും സഹോദരനും കുടുംബവും യുഎഇയിൽ തന്നെയുണ്ട്. യുവതിയുടെ സഹോദരി അഷിതയും സമീപത്തെ ഫ്ലാറ്റിലായിരുന്നു താമസം. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് പ്രവാസി സമൂഹത്തെ ഞെട്ടിച്ച സംഭവം നടന്നത്.
വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാർ റോഡിനും നടപ്പാതയ്ക്കുമിടയിൽ രക്തത്തിൽ കിടക്കുന്ന അമ്മയുടെയും മകളുടെയും മൃതദേഹങ്ങളാണ് കണ്ടത്. ഉടൻ പൊലീസിനെയും ആംബുലൻസ് സംഘത്തെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഷാർജ പൊലീസ് പ്രദേശം പൂർണമായി നിയന്ത്രണത്തിലാക്കി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം കേസ് ആത്മഹത്യയായി രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പിന്നീട് കേസ് ഫയൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.







