പൈപ്പിടാൻ പൊളിച്ച റോഡുകൾ മഴയ്ക്ക് മുമ്പ് പൂർവ്വസ്ഥിതിയിലാക്കണം; സിപിഐ(എം)

Screenshot
ഇരിട്ടി: കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാൻ ഭാഗികമായും പൂർണമായും പൊളിച്ച റോഡുകൾ മഴ കനക്കുന്നതിന് മുമ്പ് ബലപ്പെടുത്തി പൂർവ്വസ്ഥിതിയിലാക്കണമെന്ന് സിപിഐ(എം). നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് സിപിഐ(എം) ഇരിട്ടി ലോക്കൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ലക്ഷങ്ങൾ മുടക്കി നവീകരിച്ച റോഡുകൾ തകർത്തു:
കിഫ്ബി പദ്ധതിയിലാണ് ഇരിട്ടി നഗരസഭയിൽ അടക്കം വീടുകളിൽ കുടിവെള്ളം എത്തിക്കാൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. എന്നാൽ ജലവിഭവ വകുപ്പ് അധികൃതരുടെ ഉദാസീനത കാരണം പൈപ്പ് ലൈൻ പ്രവൃത്തികൾ വൈകുകയാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പ് നഗരസഭാ പദ്ധതിയിൽ കോൺക്രീറ്റിങ് നടത്തി ഗതാഗത യോഗ്യമാക്കിയ റോഡുകളും പൂർണ്ണമായി റീ-താറിങ് നടത്തി നവീകരിച്ച റോഡുകളുമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീണ്ടും പൊട്ടിപ്പൊളിച്ചത്.
ഇരിട്ടി – താലൂക്കാശുപത്രി റോഡ്, താലൂക്കാശുപത്രി – കീഴൂർ റോഡ്, വള്ള്യാട് ലക്ഷം വീട് റോഡ് എന്നിവ കഴിഞ്ഞ ദിവസങ്ങളിലാണ് പൈപ്പിടാനായി പൊളിച്ചത്. മഴ പെയ്തതോടെ ഇത്തരം റോഡുകൾ കാൽനടയാത്രക്ക് പോലും പറ്റാത്ത നിലയിലായി മാറി.
ദുരിതത്തിലായി നാട്ടുകാർ:
സ്കൂൾ തുറക്കുന്നതോടെ ഇത്തരം റോഡുകളിലൂടെയുള്ള വിദ്യാർഥികളുടെ യാത്ര ദുഷ്കരമാവും. കൂടാതെ താലൂക്കാശുപത്രിയിലേക്ക് പോകുന്ന ഡയാലിസിസ് രോഗികൾ ഉൾപ്പെടെയുള്ളവരും വലിയ ദുരിതത്തിലാവും. ഇരിട്ടിക്ക് സമീപ പ്രദേശങ്ങളിലെ വാർഡുകളിലെ പല റോഡുകളും ഇതേ മട്ടിൽ പൊളിച്ചിട്ടിരിക്കുകയാണ്. കരാറുകാരും ജലവിഭവ വകുപ്പ് അധികൃതരും ഈ ജനകീയ പ്രശ്നം പരിഹരിക്കാനോ റോഡ് പുനർനിർമ്മിക്കാനോ തയ്യാറാകുന്നില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, മഴ ശക്തമാവും മുമ്പ് ഈ റോഡുകൾ താർ ചെയ്തും കോൺക്രീറ്റ് ചെയ്തും പൂർവസ്ഥിതിയിലാക്കണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു.







