ബസ് കണ്ടക്ടർക്ക് മർദനം; അഴീക്കോട് റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കി

Screenshot
കണ്ണൂർ: അഴീക്കോട് റൂട്ടിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. പൊലീസിന്റെ ഇടപെടലിനെ തുടർന്ന് തിങ്കളാഴ്ച (ഇന്ന്) രാവിലെ മുതൽ റൂട്ടിൽ ബസുകൾ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. ഇത് യാത്രക്കാർക്ക് വലിയ ആശ്വാസമായി.
ബാലൻകിണർ റൂട്ടിൽ സർവീസ് നടത്തുന്ന ‘റിതുനന്ദ’ ബസിലെ കണ്ടക്ടറും അഴീക്കോട് സ്വദേശിയുമായ പി. മുഹമ്മദ് റസലിനെ (35) മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ച തൊഴിലാളികൾ സർവീസ് നിർത്തിവെച്ചത്. മർദനത്തിൽ പരിക്കേറ്റ റസൽ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പണിമുടക്ക് രൂക്ഷമായതോടെ കണ്ണൂർ ടൗൺ എസ്.ഐ അടിയന്തരമായി ബസ് തൊഴിലാളികളുടെയും ഉടമകളുടെയും യോഗം വിളിക്കുകയായിരുന്നു. തിങ്കളാഴ്ച സി.ഐ വിഷയത്തിൽ നേരിട്ട് ഇടപെട്ട് മധ്യസ്ഥ ചർച്ച നടത്തുമെന്നും അതുവരെ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ബസുകൾ ഓടിക്കണമെന്നുമുള്ള എസ്.ഐയുടെ അഭ്യർത്ഥന മാനിച്ചാണ് ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കാൻ തൊഴിലാളികൾ തീരുമാനിച്ചത്. ഇന്ന് നടക്കുന്ന സി.ഐയുടെ ചർച്ചയ്ക്ക് ശേഷമാകും തുടർനടപടികൾ.







