ഷുഹൈബ് വധക്കേസ്: എട്ടുവർഷങ്ങൾക്ക് ശേഷം വിചാരണ നാളെ തുടങ്ങും

Screenshot
കണ്ണൂർ: യൂത്ത് കോൺഗ്രസ് എടയന്നൂർ മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ടുവർഷങ്ങൾക്ക് ശേഷം വിചാരണ നാളെ (തിങ്കളാഴ്ച) തുടങ്ങും. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പേരാണ് കേസിലെ പ്രതികൾ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിയമപോരാട്ടങ്ങളും സർക്കാരിന്റെ തടസ്സവാദങ്ങളുമാണ് വിചാരണ ഇത്രയും നീളാൻ കാരണമായത്.
സ്പെഷ്യൽ പ്രോസിക്യൂട്ടർ
കുടുംബം നിർദേശിച്ച അഡ്വ. കെ. പത്മനാഭനാണ് കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി ഹാജരാകുന്നത്. വിചാരണക്കോടതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വയ്ക്കുന്നതിന്റെ മുഴുവൻ ചെലവും വഹിക്കുമെന്ന് കെ.പി.സി.സിക്ക് വേണ്ടി സണ്ണി ജോസഫ് കുടുംബത്തെ അറിയിച്ചിരുന്നു.
41 വെട്ടുകൾ, നീണ്ട നിയമപോരാട്ടം
2018 ഫെബ്രുവരി 12-നാണ് എടയന്നൂരിൽ വെച്ച് ഷുഹൈബ് അതിദാരുണമായി കൊല്ലപ്പെട്ടത്. തട്ടുകടയിൽ ചായ കുടിച്ചുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ ക്വട്ടേഷൻ സംഘം ആദ്യം ബോംബെറിയുകയും പിന്നീട് ഷുഹൈബിനെ 41 തവണ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും സിംഗിൾ ബെഞ്ച് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഇത് സ്റ്റേ ചെയ്തു. തുടർന്ന് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു.
സർക്കാർ ചിലവാക്കിയത് ലക്ഷങ്ങൾ
സി.ബി.ഐ അന്വേഷണം തടയാൻ സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഹാജരായത് പുറത്തുനിന്നുള്ള മുതിർന്ന അഭിഭാഷകരാണ്. ഇവർക്കായി ഖജനാവിൽ നിന്ന് ലക്ഷങ്ങളാണ് ചിലവാക്കിയത്. ഹൈക്കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിക്ക് 64.40 ലക്ഷവും, അമരീന്ദർ സിംഗിന് 22 ലക്ഷവും നൽകി. സുപ്രീംകോടതിയിൽ വാദിച്ചതിന് വിജയ് ഹൻസാരിക്കും ജയദീപ് ഗുപ്തയ്ക്കുമായി 3.30 ലക്ഷവും ഫീസായി നൽകി.
ഒടുവിൽ സി.ബി.ഐ അന്വേഷണമെന്ന കുടുംബത്തിന്റെ ഹർജി സുപ്രീംകോടതി തള്ളി. എന്നാൽ വിചാരണ വേളയിൽ മറ്റാരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ, നിയമപരമായ മാർഗ്ഗം തേടാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നാളെ മുതൽ തലശ്ശേരിയിൽ വിചാരണ ആരംഭിക്കുന്നത്.








