‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; തെളിവുകൾ ഉണ്ട്’; രാഹുൽ ഗാന്ധി
📍 ന്യൂഡൽഹി:
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപകമായ വോട്ട് കൊള്ള നടന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. “എച്ച് ഫയൽ” എന്ന പേരിൽ നടത്തിയ പത്രസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ.
എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന്റെ വിജയമെന്ന പ്രവചനമായിരുന്നുവെങ്കിലും, ഫലത്തിൽ ബിജെപി മുന്നിൽ വന്നതിൽ സംശയം ഉന്നയിച്ച് രാഹുൽ ഗാന്ധി പറഞ്ഞു:
“ഹരിയാനയുടെ ചരിത്രത്തിൽ ആദ്യമായാണ് പോസ്റ്റൽ വോട്ടുകൾക്ക് വിരുദ്ധമായി ബാലറ്റ് വോട്ടുകൾ എത്തിയത്. ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ കവർന്നു .”
22,779 വോട്ടുകളുടെ ചെറിയ വ്യത്യാസത്തിലാണ് കോൺഗ്രസിന് ഹരിയാന നഷ്ടപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ പ്രകാരം –
ഒരേ സ്ത്രീ 22 തവണ വോട്ട് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ചിലർ ശ്വേത, സ്വീറ്റി തുടങ്ങിയ വ്യാജ പേരുകളിൽ വോട്ട് ചെയ്തുവെന്ന് ആരോപണം. ഇരട്ട വോട്ടുകൾ, അസാധു വോട്ടുകൾ, ബൾക്ക് വോട്ടുകൾ, ഫോം 6-നും 7-നും ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 2 കോടി വോട്ടർമാരുള്ളിടത്ത് 25 ലക്ഷം വോട്ടുകൾ വ്യാജമായതായും, അതായത് ഹരിയാനയിലെ ഓരോ എട്ട് വോട്ടിലും ഒന്ന് വ്യാജമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഒരു സ്ത്രീയുടെ പേരിൽ 100 വോട്ടുകൾ രേഖപ്പെടുത്തിയതായും, ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ വരെ വോട്ടർ പട്ടികയിൽ ഉപയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
രാഹുൽ ഗാന്ധി ആരോപിച്ചു —
“തിരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചത് ഈ കൊള്ള മറയ്ക്കാനാണ്. ഇരട്ട വോട്ടർ നീക്കം ചെയ്യാനുള്ള സോഫ്റ്റ്വെയർ കമ്മീഷനുണ്ട്, പക്ഷേ അത് ഉപയോഗിക്കാത്തത് ബിജെപിയെ സഹായിക്കാനാണ്.”
വീട് ഇല്ലാത്തവർക്ക് 0 എന്ന വീടുനമ്പർ നൽകുന്നുവെന്ന കമ്മീഷൻ വിശദീകരണവും രാഹുൽ തള്ളി. വീടുള്ളവർക്കും വീടുനമ്പർ “0” നൽകിയെന്നും, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മൂന്നര ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കിയതിൽ ഭൂരിഭാഗവും കോൺഗ്രസ് വോട്ടർമാരാണെന്നും അദ്ദേഹം ആരോപിച്ചു.
“തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വോട്ട് കൊള്ളയ്ക്ക് ഉപയോഗിക്കുന്നു. അടുത്ത വോട്ട് കൊള്ള ബിഹാറിൽ ആകാം,”
എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
